Sorry, you need to enable JavaScript to visit this website.

പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും -മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കൽപറ്റ- പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൽപറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന താളിപ്പാറക്കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലങ്ങൾ ദീപാലംകൃതമാക്കുകയും നദികൾക്ക് കുറുകെയല്ലാത്ത ഓവർ ബ്രിഡ്ജുകളുടെ താഴത്തെ ഭാഗം പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകും വിധം പരിവർത്തനം ചെയ്യുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. താളിപ്പാറക്കടവ് പാലം നാടിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കും. കാർഷിക മേഖലയുടെയും ടൂറിസം മേഖലയുടെയും കുതിപ്പിന് പാലം സഹായകമാവും. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാണാസുര സാഗാറിനെയും കുറുമ്പാലക്കോട്ടയെയും വേഗത്തിൽ ബന്ധിപ്പിക്കുന്നതു വഴി ടൂറിസം മേഖലയ്ക്ക് പാലം മുതൽക്കൂട്ടാകും. 
ജില്ലയിൽ ടൂറിസം മേഖല വലിയ കുതിപ്പാണ് കാഴ്ചവെക്കുന്നത്. 2023ൽ ജില്ലയിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണം റെക്കോർഡാകും. വയനാടിന്റെ ടൂറിസം സാധ്യതകൾ മറ്റ് സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തുന്ന പദ്ധതികൾക്കൾക്കു തുടക്കമിട്ടതായും മന്ത്രി പറഞ്ഞു.
ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. രാഹുൽഗാന്ധി എം.പിയുടെ സന്ദേശം പോൾസൺ കൂവക്കൽ വായിച്ചു. താളിപ്പാറക്കടവ് പാലം നിർമാണത്തിൽ പ്രവർത്തിച്ചവരെ ആദരിച്ചു. ടി. സിദ്ദീഖ് എം.എൽ.എ മുഖ്യാതിഥിയായി. പി.ഡബ്ല്യു.ഡി (ബ്രിഡ്ജസ്) എക്‌സിക്യുട്ടീവ് എൻജിനീയർ സി.എസ്. അജിത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. ആസ്യ, പി. ബാലൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം കെ.ബി. നസീമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. അസ്മ, പി.കെ. അബ്ദുറഹ്മാൻ, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയിൽ, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, പൊതുമരാമത്ത് (ബ്രിഡ്ജസ്) അസി. എക്‌സിക്യുട്ടീവ് എൻജിനീയർ കമലാക്ഷൻ പാലേരി, കോഴിക്കോട് പൊതുമരാമത്ത് (ബ്രിഡ്ജസ്) സൂപ്രണ്ടിംഗ് എൻജിനീയർ  പി.കെ. രമ എന്നിവർ പ്രസംഗിച്ചു. നബാർഡ് ആർ.ഐ.ഡി.എഫ് 21 പദ്ധതിയിൽ 17.55 കോടി രൂപ ചെലവിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. മൂന്ന് സ്പാനുകൾ ഉള്ള പാലത്തിന്റെ ആകെ നീളം 66.96 മീറ്ററാണ്. 

Tags

Latest News