റിയാദ്- ഗാസയിലെ നിരായുധരായ സാധാരണക്കാരെ ആക്രമിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക മൂല്യങ്ങളെയും നിയമങ്ങളെയും മാനിക്കണമെന്നും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.
എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരികണമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലെ സ്ഥിതിഗതികള്‍ ഇരുവരും വിലയിരുത്തി. സ്ഥിതിഗതികള്‍ ശാന്തമാക്കാനും കൂടുതല്‍ അക്രമങ്ങള്‍ ഒഴിവാക്കാനുമുള്ള ശ്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹം പങ്കുചേരണം.
യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യ സുരക്ഷ വകുപ്പ് ഉന്നത പ്രതിനിധി ജോസെപ് ബോറെലുമായും സൗദി വിദേശകാര്യമന്ത്രി ടെലിഫോണ്‍ സംഭാഷണം നടത്തി. വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.