തിരുവനന്തപുരം- ക്ഷേത്ര വിശ്വാസികളായ ഹിന്ദു സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിക്കുന്ന എസ്.ഹരീഷിന്റെ നോവല്‍ മീശയുടെ പ്രസാധകരായ ഡി.സി ബുക്‌സിന്റെ ഓഫീസിനു മുന്നില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. ഹിന്ദു സമൂഹത്തെ അവഹേളിച്ച് വിശ്വാസികളെ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ മറവില്‍ നടക്കുന്നതെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരന്‍ പറഞ്ഞു.
മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച വിവാദ നോവലിനെ പിന്തുണച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും ഉള്‍പ്പടെയുള്ളവര്‍ രംഗത്തു വന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രതിഷേധിച്ച ഹിന്ദു സമൂഹത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും ദര്‍ശനത്തിന് പോകുന്ന ഈ നേതാക്കളുടെ ബന്ധുക്കള്‍ നോവലില്‍ പരാമര്‍ശിക്കുന്നതു പോലെയാണോ എന്ന് അവര്‍ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ഗിരിജാ നായര്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.എസ്. പ്രേംകുമാര്‍, ജില്ലാ ട്രഷറര്‍ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.