പത്തനംതിട്ട - പി എസ് സിയുടെ പേരില്‍ വീണ്ടും ജോലി തട്ടിപ്പ്. വ്യാജ എംബ്ലവും വ്യാജ സീലും ഉപയോഗിച്ച് ജോലി വാഗ്ദാനം നല്‍കി ദമ്പതികളില്‍ നിന്ന് ആറര ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. പത്തനംതിട്ട സ്വദേശി ശ്യാംകുമാറും ഭാര്യയും ആണ് ജോലി തട്ടിപ്പിനിരയായത്. പ്രതികളുടെ വിശദാംശങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും പോലീസ് കേസ് എടുത്തില്ലെന്ന് പരാതിക്കാര്‍ പറഞ്ഞു. പി എസ് സി വഴി പ്യൂണ്‍ നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. നാല് ലക്ഷം രൂപ തന്നാല്‍ ജോലി ലഭിക്കുമെന്ന് പത്തനംതിട്ട അടൂര്‍ സ്വദേശി രാജലക്ഷ്മിയാണ് അറിയിച്ചതെന്ന് ശ്യാംകുമാര്‍ പറഞ്ഞു. ആദ്യം മൂന്നുലക്ഷം രൂപ രാജലക്ഷ്മിയുടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് അടൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് കൈമാറിയതായി ശ്യാംകുമാര്‍ പറഞ്ഞു. പിന്നീട് ഒരു ലക്ഷം രൂപ രാജലക്ഷ്മിയുടെ ബന്ധുവായ രശ്മിയുടെ തൃശ്ശൂര്‍ പുതുക്കാട്ടെ വീട്ടില്‍ വച്ച് രാജലക്ഷ്മിക്ക് കൈമാറിയതായും ശ്യാംകുമാര്‍ പറയുന്നു.യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളുമായി 2023 സെപ്റ്റംബര്‍ 11ന് തിരുവനന്തപുരത്തെ പി എസ് സി ആസ്ഥാനത്ത് ഹാജരാകണമെന്ന് സൂചിപ്പിച്ചുകൊണ്ട് പി എസ് സി യുടെ വ്യാജ എംബ്ലം പതിച്ച ഒരു അറിയിപ്പും തപാലില്‍ ശ്യാംകുമാറിന് ലഭിച്ചു. പിന്നീട് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളുമായി പി എസ് സി ഓഫീസില്‍ ചെന്നപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്ന് ശ്യാംകുമാറും ഭാര്യയും തിരിച്ചറിഞ്ഞത്. ഭാര്യയ്ക്ക് ജോലിക്കായി നാല് ലക്ഷം രൂപ നല്‍കി. രണ്ടരലക്ഷം രൂപ തനിക്ക് ജോലി ലഭിക്കുന്നതിന് വേണ്ടിയും രാജലക്ഷ്മിക്ക് കൈമാറിയതായി ശ്യാംകുമാര്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ ശ്യാംകുമാറും ഭാര്യയും പരാതി നല്‍കിയിയെങ്കിലും കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ശ്യാം കുമാര്‍ പറയുന്നു.