ഞെട്ടിക്കുന്ന തലക്കെട്ടുകൾ കൊണ്ട് ഇന്ത്യയിലെ വായനക്കാരേയും മാധ്യമലോകത്തേയും ആകർഷിച്ച ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാലുമായി ഒരു കൂടിക്കാഴ്ച.
പൊതുവെ പത്രങ്ങൾ പ്രത്യേകിച്ച് ഇംഗ്ലീഷ് പത്രങ്ങൾ വാർത്തയുടെ കാര്യത്തിൽ തങ്ങളുടെ യാഥാസ്ഥിതിക മനോഭാവത്തിൽ നിന്ന് പുറത്തുവന്ന സന്ദർഭങ്ങൾ തുലോം കുറവാണ്. ഇനി ആരെങ്കിലും ഇത്തരമൊരു മറികടക്കലിന് ശ്രമിക്കുന്നുണ്ടെങ്കിൽ, അത് വകയിരുത്തുക, ടാബ്‌ളോയിഡ് ജേണലിസത്തിന്റെ അക്കൗണ്ടിലുമായിരിക്കും. എന്നാൽ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളിൽ അങ്ങകലെ ബംഗാളിലിരുന്ന് ഇതിനൊരപവാദം സൃഷ്ടിക്കുവാനുള്ള ശ്രമം നടത്തിയെന്നതാണ്
പത്രപ്രവർത്തന ചരിത്രത്തിൽ വരുംകാലം
ദി ടെലഗ്രാഫിന്റെ സ്ഥാനത്തെ വേറിട്ട് അടയാളപ്പെടുത്തുക. രണ്ടാം നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നതു മുതൽ അനുവർത്തിച്ചു വരുന്ന തെറ്റായ നയങ്ങൾക്കെതിരെയുള്ള ടെലഗ്രാഫിന്റെ രൂക്ഷ വിമർശനത്തിന്റെ തലക്കെട്ടുകളാണ് , ഇങ്ങ് കന്യാകുമാരി വരെയുള്ളിടങ്ങളിൽ പോലും ഈ പത്രത്തെ ഒരു ചർച്ചാ വിഷയമാക്കിയത്. എന്നാലവിടെയും നിന്നില്ല ഇതിനെക്കുറിച്ചുള്ള വായനക്കാരുടെ അന്വേഷണ ത്വര.
ആര്, എന്ത് എന്ന സാധാരണക്കാരടക്കമുളളവരുടെ ചൂഴ്ന്നുള്ള ഈ അന്വേഷണമാണ്, ഇതിന്റെ പിന്നിലുള്ള മലയാളി മുഖമായിരുന്ന ആർ. രാജഗോപാൽ എന്ന തിരുവനന്തപുരത്തുകാരനിലെത്തുന്നത്.
ഇതോടെയാണ് സാധാരണ മലയാളിയുടെതടക്കം
ചർച്ചകളിലെ ഒരു സ്ഥിരം സാന്നിധ്യമാക്കി മാറ്റിയത്. പക്ഷേ തങ്ങളുടെ കൈയ്യിലുള്ള ഇ.ഡി എന്ന രണ്ടക്ഷരം കൊണ്ട് റബ്ബർ മിഠായി പോലെ നീട്ടിയും വലിച്ചുമൊക്കെ എന്തും ഉണ്ടാക്കാമെന്ന് കേന്ദ്ര ഭരണാധികാരികൾ ഇന്ത്യക്ക് മുന്നിൽ കാണിച്ചു കൊടുക്കുന്ന ഒരു സന്ദർഭത്തിൽ, രാജഗോപാൽ വീണ്ടും കഴിഞ്ഞ ദിവസങ്ങളിൽ സജീവ ചർച്ചാ വിഷയമായി. ന്യൂസ് റൂമിലെ തലക്കെട്ടുകൊണ്ടല്ലത്. മറിച്ച് ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ സ്ഥാനത്തു നിന്ന്, കേൾക്കുമ്പോൾ വലുതെന്ന് തോന്നുന്ന എന്നാൽ ഒരൽപനേരം ആലോചിക്കുമ്പോൾ അത്ര ലാർജ്ജല്ലെന്ന് സാധാരണക്കാരനു പോലും തോന്നുന്ന എഡിറ്റർ അറ്റ് ലാർജ് എന്ന സ്ഥാനമാറ്റത്തിന്റെ പേരിലാണെന്നു മാത്രം.
ഈയൊരു വർത്തമാനകാല സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കൂടുതൽ പ്രസക്തി കൈവരുന്നതതുകൊണ്ടും കൂടിയാണ് , തന്നെക്കുറിച്ചും ആനുകാലിക സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം ദി ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ഇവിടെ മനസ്സു തുറക്കുകയാണ്..
ചോദ്യം: ദി ടെലഗ്രാഫ് രണ്ടാം മോഡി ഭരണകാലത്ത് ഒരു പാൻ ഇന്ത്യാ തലത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്, നിങ്ങളുടെ തലക്കെട്ടുകൾ കൊണ്ടായിരുന്നു പക്ഷേ മറ്റു പല ദേശീയ മാധ്യമങ്ങളും സ്വയം തങ്ങളുടെ വായ മൂടിക്കെട്ടുന്ന സമീപനത്തിലെത്തി. അത്തരമൊരു സന്ദർഭത്തിൽ അല്പമെങ്കിലും ഭരണ കൂട വിമർശനത്തിന്റെ രൂക്ഷത ഭയമില്ലാതെ, ടെലഗ്രാഫിന്റെ തലക്കെട്ടിൽ വന്നുവെന്നേല്ലേയുള്ളൂ ?
അത് ശരിയാണ്. മറ്റാരും ആ നിലക്ക് തലക്കെട്ടുകൾ കൊടുക്കാത്തതുകൊണ്ട് ഞങ്ങളുടേത് ഏറെ ചർച്ച ചെയ്യപ്പെടുവാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സേഫ് ആകൽ കൂടിയായിരുന്നു.
? സേഫ് ആകൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്?
സ്റ്റോറിയിലേക്ക് കൂടുതൽ വിവരങ്ങൾ കൊടുക്കുമ്പോൾ , അത് ഭരണകൂടത്തിന് ഞങ്ങൾക്ക് നേരെ കൂടുതൽ വിരുദ്ധമായ നീക്കങ്ങൾ എടുക്കുവാൻ അവസരമുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ അനേകം അർഥതലങ്ങളുള്ള തലക്കെട്ടിലൂടെ, കാര്യങ്ങൾ തിരിയേണ്ടവന് തിരിയുകയും ചെയ്യും.
? ഒരു രാജഗോപാലിന്റെ മാത്രം ക്രെഡിറ്റാണോ , ഈ തലക്കെട്ടുകൾ, അല്ല ഒരു കൂട്ടായ്മയുടേതാണോ?
ഒരു ന്യൂസ് റൂമിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ അധ്വാനം തന്നെയാണ് , തലക്കെട്ടടക്കമുള്ള ഒരു പത്രം. പക്ഷേ അതിന്റെ തലപ്പത്തുള്ള ഒരു വ്യക്തി എന്ന നിലക്ക് എന്റെ സ്വാധീനത്തിനും ചിന്തക്കുമെല്ലാം മുൻതൂക്കം വരുമെന്നതും സ്വാഭാവികമായ ഒരു കാര്യമാണ്.
? സ്വാഭാവികമായും പലവിധ ചർച്ചകൾക്കും ശേഷമല്ലേ ഇത്ര രൂക്ഷമായ തലക്കെട്ടുകൾ വരുന്നത് ?
തീർച്ചയായും. പക്ഷേ നിങ്ങൾ അച്ചടിച്ചു വരുന്ന തലക്കെട്ടുകൾക്കപ്പുറമുള്ളവയാണ് ഇതിനായി ആദ്യം ഇടുന്നവ. ഒരു സ്ഥാപനമെന്ന നിലക്ക് പലവിധ കാര്യങ്ങളും ഘടകങ്ങളുമൊക്കെ നോക്കിയശേഷമെ , പുറത്തേക്കു വിടേണ്ടുന്ന തലക്കെട്ടുകൾ തീരുമാനിക്കുവാൻ പറ്റും. അതിനു മുൻപ് എത്രയോ തലക്കെട്ടുകൾ ന്യൂസ് റൂമുകളിൽ കൊല ചെയ്യപ്പെട്ട് പോവാറുണ്ട്.
? മുതലാളിമാർ മുതലുള്ളവരുടെ സമ്മർദം സ്വാഭാവികമായും പുതിയ സാഹചര്യത്തിൽ താങ്കളുടെ മേൽ ഉണ്ടാകുമല്ലോ?
ഇംഗ്ലീഷ് പത്രങ്ങളുടെ വായനക്കാർ കൂടുതലും ഒരു എലെറ്റ് സൊസൈറ്റിയാണ് എന്നും. അവർക്ക് താഴേക്കിടയിലുള്ളവന്റെ വേദനയും മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നവന്റെ കരച്ചിലൊന്നും ഒരു വിഷയമേ അല്ല. മറിച്ച് ഇതൊന്നും തന്നെ ബാധിക്കാത്ത വിഷയമായി മാത്രമേ അവർ കാണൂ. ഇത്തരം രീതിയിലേക്ക് പോകുമ്പോൾ അതൊരു ടാബ്ലോയിഡ്, പ്രാദേശിക പത്രത്തിന്റേതായാണ് അവർക്ക് തോന്നുക. പ്രത്യേക സമ്മർദ്ദം വന്നിട്ടില്ലെങ്കിലും നമ്മുടെ വായനക്കാരും നമ്മുടെ പല തലക്കെട്ടുകളടക്കമുള്ളവയിൽ അസന്തുഷ്ടരാണെന്ന സന്ദേശം മുതലാളിമാർ പലപ്പോഴും നല്കിയിട്ടുണ്ട്.
? ന്യൂസ് ക്ലിക്ക് റെയിഡ് സമയത്ത് താങ്കളായിരുന്നെങ്കിൽ എന്തായിരിക്കും നൽകുന്ന തലക്കെട്ട് ?
ഇപ്പോഴെന്റെ മനസ്സ് ശൂന്യമാണ്. എന്നോട് എന്റെ സഹപ്രവർത്തകനും ഇതേ ചോദ്യം ചോദിച്ചിരുന്നു. എനിക്ക് ഒരിക്കലും ഒരു കളമില്ലാതെ, ന്യൂസ് റൂമില്ലാതെ കളിക്കാൻ പറ്റില്ല. കളിക്കുകയെന്ന് പറഞ്ഞത് ആലങ്കാരിക പ്രയോഗമാണ്. തെറ്റിദ്ധരിക്കരുത്.ഒരു സീരിയസ് ആണിത്.
പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തിയത് ആ സമയത്തെ ഇന്ത്യൻ മാധ്യമങ്ങളുടെ നിസ്സംഗതയാണ്. ശരിക്കും പത്രങ്ങൾ ശൂന്യമായ പേജോടു കൂടി ഈ ഭീകരതക്കെതിരെ പ്രതികരിക്കേണ്ടിയിരുന്നു. രണ്ട് അറസ്റ്റേ ഉണ്ടായിട്ടുള്ളൂവെങ്കിലും 46 പേരെ അറസ്റ്റിന് സമാനമായി അവരുടെ മൊബൈലും ലാപ്പ് ടോപ്പുമെല്ലാം പിടിച്ചെടുത്ത് വേറൊരു നിലക്ക് ബന്ദികളാക്കുകയായിരുന്നു. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് അവരെ എത്തിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥയിൽ പോലും മാധ്യമങ്ങൾക്ക് നേരെ ഇത്തരമൊരു കയ്യേറ്റമുണ്ടായിട്ടില്ല. പക്ഷേ ഇതിനോട് ദേശീയ മാധ്യമങ്ങൾ പ്രതിഷേധിച്ചത് കാണുമ്പോൾ സങ്കടമാണ് തോന്നുന്നത്. കേരളത്തിലും പരിതാപകരമായിരുന്നു പ്രതികരണമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
എന്തുകൊണ്ടാണിതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
? ഒന്ന് പേടിയും രണ്ട് സർക്കാർ പരസ്യം പോലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാകുമെന്നതുകൊണ്ടുമായിരിക്കാം?
പേടിക്കേണ്ട കാര്യമില്ല. വലിയ വലിയ പബഌഷിംഗ് ഹൗസിനെ ഒന്നും ചെയ്യാൻ കഴിയില്ല അധികൃതർക്ക്. ടെലഗ്രാഫ് രൂക്ഷമായി വിമർശിക്കുമ്പോഴും ഞങ്ങളുടെ വാർഷിക പ്രഭാഷണത്തിനു സർക്കാരിന്റേയും, ബി.ജെ.പിയുടേയും പ്രതിനിധികളെ ക്ഷണിക്കാറുണ്ട്. അന്ന് അവർക്ക് ഞങ്ങളോടുള്ള വിയോജിപ്പുകൾ രേഖപ്പെടുത്താം. ഞങ്ങളെ കുറ്റപ്പെടുത്താം. ഞങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാം. പക്ഷേ നിർഭാഗ്യവശാൽ പലതും പറഞ്ഞ് ഇത്തരം പരിപാടികളിൽ നിന്ന് അവർ ഒഴിഞ്ഞു പോകുകയാണ് പതിവ്. ഇപ്പോൾ കേരളത്തിലെ സ്ഥിതി തന്നെ നോക്കൂ. മനോരമ, മാതൃഭൂമി പോലെ വലിയ ഗ്രൂപ്പുകളെ അത്ര പെട്ടെന്നൊന്നും കടന്നു കയറി എന്തെങ്കിലും ചെയ്യുവാൻ സർക്കാരിനൊന്നും സാധിക്കില്ല. അത്രത്തോളം സാമൂഹ്യപരമായി സ്വാധീനമുള്ള ഗ്രൂപ്പുകളാണിവർ.
? പിന്നെ മറ്റെന്തെങ്കിലും കാരണം ഉണ്ടോ?
എനിക്ക് തോന്നുന്നത്. സ്വയം പത്രപ്രവർത്തകരടക്കം മുൻവിധിയോടെ കാര്യങ്ങൾ കാണുകയാണ്. തങ്ങൾ അത് ചെയ്താൽ പ്രശ്‌നമാകുമോ? അത് മറ്റവർക്ക് ദോഷമാകുമോ ? മറ്റുള്ളവരെ ചീത്തയാക്കുമോ എന്നൊക്കെ സ്വയം തീരുമാനിച്ച് കാര്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. നേരത്തെ നിങ്ങൾ സൂചിപ്പിച്ചതുപോലെ തൊണ്ണൂറുകളോടെ മാധ്യമരംഗത്തേക്ക് കടന്നു വന്ന ഒരു പുതുതലമുറയുണ്ട്. അവരാണ് ഇന്ന് പല മാധ്യമങ്ങളുടെയും തലപ്പത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്നവരായി ഉള്ളത്. മീഡിയ ബ്യൂമിംഗിന്റെ സമയത്ത് കടന്നുവന്ന അവരെ സംബന്ധിച്ചിടത്തോളം ഫീച്ചർ ഭാഷ, ഷോ ബിസിനസ്സ്, സ്‌പോർട്‌സ് പേജുകൾ ഇവയാണ് പ്രധാന കാര്യങ്ങൾ. തൊണ്ണൂറുകളിൽ അരാഷ്ട്രീയവൽക്കരിക്കപ്പെട്ട ന്യൂസ് റൂമുകളുടെ അപചയമാണ് ഇതിന്റെയൊക്കെ അടിസ്ഥാന കാരണമെന്ന് ഞാൻ കരുതുന്നു.
? കേരളത്തിലൊക്കെ മാധ്യമരംഗത്തിനപ്പുറം താങ്കളുടെ തലക്കെട്ടുകളെക്കുറിച്ച് സാധാരണക്കാരടക്കമാണ് ചർച്ച ചെയ്യുന്നത്?
ശരിയാണ്. കേരളത്തിലും യു.പി യിലെ ചിലയിടങ്ങളിലുമാണ് ഇത് വ്യാപകമായി ചർച്ചാ വിഷയമായി മാറുന്നത്. പക്ഷേ കൊൽക്കത്തയിൽ ഇതൊരു വിഷയമേ അല്ല എന്നതാണ് സത്യം.
? പത്രപ്രവർത്തനം ഒരു കരിയർ മാത്രമായി ഒതുങ്ങുന്നതു കൊണ്ടാണോ, പലവിധ അപചയങ്ങളും ഈ മേഖലയെക്കുറിച്ച് വരുന്നത്?
അങ്ങനെ പറഞ്ഞുകൂടാ. കരിയർ എന്ന നിലക്ക് എത്രപബ്ലിഷിംഗ് ഗ്രൂപ്പുകളുണ്ട് നല്ല ശമ്പളം കൃത്യ സമയത്ത് നൽകുന്നത്. അധികമില്ല. പലരും സഫർ
ചെയ്തുതന്നെ നിൽക്കുകയാണ്.
പക്ഷേ ന്യൂസ് റൂമുകളിലെ പലരുടെയും മുൻവിധികൾ ആണ് പ്രശ്‌നം. സവർണ വിഭാഗത്തിന്റെ കാഴ്ചപ്പാടുകളാണ് നമ്മുടെ ന്യൂസ് റൂമുകളെ പലപ്പോഴും ഭരിക്കുന്നത്. അവരുടെ ഉള്ളിലുള്ള താൽപര്യങ്ങളാണ് പലപ്പോഴും സന്ദർഭം വരുമ്പോൾ പുറത്തു വരുന്നത്.
? ഇപ്പോൾ താങ്കളുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായിട്ടുള്ളത് എഡിറ്റർ എന്നതിൽനിന്ന് എഡിറ്റർ അറ്റ് ലാർജിലേക്കുള്ള മാറ്റമാണ്. ഇതൊരു ഉയർച്ചയാണോ അതോ മാറ്റി നിറുത്തലാണോ?
ഞാൻ ഇപ്പോഴും അവിടെ പ്രവർത്തിക്കുന്ന ഒരു ജീവനക്കാരനാണ്. നിങ്ങൾക്ക് ഇക്കാര്യത്തിൽ പ്രതികരണം വേണമെങ്കിൽ സി.ഇ യോട് ബന്ധപ്പെടാവുന്നതാണ്. അദ്ദേഹത്തിനേ പ്രതികരിക്കാൻ സാധിക്കൂ.