Sorry, you need to enable JavaScript to visit this website.

സൗദി യുവതിയെ പീഡിപ്പിച്ച കേസില്‍ മല്ലു ട്രാവലര്‍ക്ക് രക്ഷയില്ല, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, പോലീസിനെ വെട്ടിച്ച് ഷാക്കിര്‍

കൊച്ചി - സൗദി യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ച കേസില്‍ പ്രശസ്ത വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍ എന്ന മല്ലു ട്രാവലര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഷാക്കിറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാക്കിര്‍ സുബ്ഹാന്‍ പറഞ്ഞു.  ഷാക്കിറിനെതിരെ  പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സൗദി യുവതിയുടെ പരാതി. കഴിഞ്ഞ സെപ്ത്രംബര്‍ 25 നാണ് സംഭവം നടന്നത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലര്‍ സൗദി യുവതിയെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു. അതേസമയം പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിര്‍ സുബ്ഹാന്‍. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകള്‍ കൊണ്ട് നേരിടുമെന്നും ഷാക്കിര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഷാക്കിറിന്റെ ന്യായീകരണങ്ങള്‍ വ്യാജമാണെന്ന് പരാതിക്കാരിയും മറ്റൊരു വിഡിയോയിലൂടെ വിശദീകരിച്ചിരുന്നു. ഷാക്കിര്‍ നിലവില്‍ വിദേശത്താണുള്ളത്. നാട്ടിലെത്തിയാല്‍ പിടി വീഴുമെന്നുള്ളതുകൊണ്ട് പോലീസിനെ വെട്ടിച്ച്  വിദേശത്ത് തുടരുകയാണ്. ദുബായിലാണ് ഷാക്കിര്‍ ഉള്ളതെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ തീരുമാനത്തിനായി പോലീസ് കാത്തിരിക്കുകയായിരുന്നു. ഇത് കോടതി തള്ളിയതോടെ ഇനി കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന. ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എത്തിയാല്‍ പോലീസ് ശക്തമായി എതിര്‍ക്കും.

 

Latest News