കണ്ണൂര്‍- ഷുഹൈബ് വധക്കേസിലെ സി.പി.എം പങ്ക് അന്വേഷിക്കണമെന്നും മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് വീണ്ടും സമരത്തിലേക്ക്. ആദ്യ ഘട്ടമായി ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി 48 മണിക്കൂര്‍ നിരാഹാര സത്യഗ്രഹം നടത്തും. എട്ടാം തീയതി രാവിലെ മുതല്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലാണ് സത്യഗ്രഹം.
സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ കാണിക്കുന്ന അതേ നിലപാടാണ് ഷുഹൈബ് വധക്കേസിലും സി.പി.എം സ്വീകരിച്ചതെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. സംഭവം നടന്നതു മുതല്‍ അന്വേഷണം അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമാണ് ഇരിട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രമിച്ചത്. കെ. സുധാകരന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുകയും ഇത് ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തതോടെയാണ് സജീവ സി.പി.എം പ്രവര്‍ത്തകരായ ഏതാനും പേരെ പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുമെന്ന് അന്നു തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ട സി.പി.എം ലോക്കല്‍ സെക്രട്ടറി പ്രശാന്ത് അടക്കമുള്ളവരെ അറസ്റ്റു ചെയ്യാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. ഈ ആവശ്യമുന്നയിച്ച് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പനുസരിച്ചാണ് പോലീസ് കേസെടുത്തത്. നീതിക്കു വേണ്ടിയുള്ള സമരത്തെ കള്ളക്കേസില്‍ കുടുക്കി തകര്‍ക്കാമെന്ന് സി.പി.എം നേതൃത്വം കരുതരുത്- സതീശന്‍ പറഞ്ഞു.
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സിംഗിള്‍ ബഞ്ച് ഇതിനു അനുമതി നല്‍കി. എന്നാല്‍ ഇതിനെതിരെ വാദിക്കാന്‍ മണിക്കൂറിനു ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന സുപ്രീം കോടതി അഭിഭാഷകരെയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. പൊതു ഖജനാവിലെ പണമാണ് ഇതിനുപയോഗിച്ചത്. ഷുഹൈബ് കേസ് അട്ടിമറിക്കാന്‍ ഏത് തന്ത്രവും സ്വീകരിക്കുമെന്നതിനു തെളിവാണിത്. കേസിന്റെ സത്യാവസ്ഥ പുറത്തു വരുന്നതുവരെ നിയമപരമായും രാഷ്ട്രീയമായും പോരാടും. കേസിലെ ഗൂഢാലോചന, സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്. പതിനാറാം പ്രതി പ്രശാന്തിനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്താല്‍ ഇതിലെ സത്യാവസ്ഥ പുറത്തു വരും. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ താല്‍പ്പര്യപ്രകാരമാണ് കുറ്റപത്രം തയാറാക്കിയത്. ഇത് നിയമസംവിധാനങ്ങളെ പരിഹസിക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. എട്ടാം തീയതി നടക്കുന്ന ഉപവാസ സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്നും സതീശന്‍ പാച്ചേനി അറിയിച്ചു.