കാസര്‍കോട്- ബന്തടുക്ക പടുപ്പ് സ്വദേശിയും വെള്ളരിക്കുണ്ട് കുന്നക്കുന്നില്‍ താമസക്കാരിയുമായ ബേബിയെയും എട്ടു വയസുള്ള മകനെയും മാസങ്ങള്‍ മാത്രം പ്രായമുള്ള കൈകുഞ്ഞിനെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ ദീപു ഫിലിപ്പിനെ (30) കണ്ടെത്താന്‍ ആര്‍.ഡി.ഒ പോലീസിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചു.
ബേബിയും കുഞ്ഞുങ്ങളും അനുഭവിക്കുന്ന ദുരിതകഥകള്‍ അറിഞ്ഞു കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഡോ. ബിജു, വെള്ളരിക്കുണ്ട് സി.ഐ എം സുനില്‍കുമാര്‍ എന്നിവര്‍ യുവതിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും സഹായം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. യുവതിയെയും കുട്ടികളെയും ഉപേക്ഷിച്ച് മുങ്ങിയ ദീപുവിനെ ഫേസ്ബുക്കിലൂടെ കണ്ടെത്തിയ ഭാര്യ ബേബി ഇതുസംബന്ധിച്ച് നാട്ടുകാരോടും പോലീസിനോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബേബിക്കും കുട്ടികള്‍ക്കും നാട്ടുകാര്‍ സംരക്ഷണം നല്‍കാന്‍ മുന്നോട്ടുവന്നു. ബേബിയെയും മക്കളെയും സുരക്ഷിത സ്ഥലത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍ കുമാര്‍ പറഞ്ഞു. യുവതിക്ക് സൗജന്യ നിയമസഹായം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ പഞ്ചായത്ത് തല കോഡിനേറ്റര്‍മാരും ബേബിയുടെ വീട്ടിലെത്തിയിരുന്നു.
ദീപു ഇപ്പോള്‍ എറണാകുളത്തുണ്ടെന്നാണ് വിവരം. യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് താമസിക്കുകയാണെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ദീപു വീണ്ടും രംഗത്തു വന്നത്. യുവാവിന്റെ പോസ്റ്റിനു താഴെ നിരവധി തെറി കമന്റുകളാണ് ലഭിച്ചത്. ഇയാളെ കണ്ടെത്തുന്നവര്‍ ഉടന്‍ പിടികൂടി പോലീസിലേല്‍പിക്കണമെന്നാണ് നിരവധി പേര്‍ കമന്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നു മാസം മുമ്പ് ബേബിയുടെ പരാതിയെ തുടര്‍ന്ന് ദീപുവിനെ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നുവെങ്കിലും ഭാര്യയും മക്കളെയും സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കിയ ശേഷം ദീപു അന്ന് തന്നെ മുങ്ങുകയായിരുന്നു. ദീപുവിന്റെ അച്ഛനും അമ്മയും വീട്ടിലെ മറ്റു മുറികളെല്ലാം പൂട്ടിയിട്ട് ദീപു ഉപയോഗിച്ച മുറി മാത്രമാണ് ബേബിക്കും കുഞ്ഞുങ്ങള്‍ക്കുമായി നല്‍കിയത്. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ഇവര്‍ ജീവിച്ചു വന്നത്. എറണാകുളത്തെ കിറ്റക്സ് കമ്പനിയില്‍ ജോലിയുണ്ടായിരുന്ന ബേബി ബന്തടുക്ക പടുപ്പിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ട്രെയിനില്‍ വെച്ചാണ് ദീപുവുമായി പരിചയപ്പെടുകയും താന്‍ അനാഥനാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തത്.
എറണാകുളം കാക്കനാട് ശിവക്ഷേത്രത്തില്‍ 2009 ഫെബ്രുവരി 23 നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. താന്‍ ഹിന്ദു വിഭാഗത്തില്‍പെട്ട ആളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയെ കല്യാണം കഴിച്ചത്. പിന്നീട് ആദ്യത്തെ കുട്ടി ജനിച്ച ശേഷമാണ് താന്‍ ക്രിസ്തീയ വിഭാഗക്കാരനാണെന്നും മാതാപിതാക്കളും സഹോദരിയുമുണ്ടെന്ന കാര്യം ബേബിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് കുന്നക്കുന്നിലെത്തിയ ശേഷം മതം മാറ്റി വീണ്ടും വിവാഹം നടത്തിയിരുന്നു. ഭര്‍തൃവീട്ടുകാരുടെ ഉപദ്രവം ഉണ്ടായിരുന്നതായി യുവതി പറയുന്നുണ്ട്. പട്ടികവര്‍ഗ വിഭാഗക്കാരിയാണ് ബേബി. ഇതുസംബന്ധിച്ച് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുവതി പറയുന്നു.