കൊച്ചി- എൻ.ഡി.എയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ സമീപനത്തെ തള്ളി ജെ.ഡി.എസ് കേരള ഘടകം. എൻ.ഡി.എയിൽ ചേരുന്നുവെന്ന ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം തള്ളിക്കളയുന്നതായും കേരളത്തിലെ ജനതാദൾ-എസ് ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുമെന്നും പ്രസിഡന്റ് മാത്യു ടി. തോമസ് അറിയിച്ചു. ഒരു തരത്തിലുള്ള ആലോചനയും ഇല്ലാതെയാണ് എൻ.ഡി.എയുമായി സഖ്യമുണ്ടാക്കുമെന്ന് ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചത്. ഇത് സംഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. കേരളത്തിലെ ജനതാദൾ-എസ് ദേശീയ നേതൃത്വത്തിന്റെ നീക്കത്തോടൊപ്പമില്ല. ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം ജനതാദൾ-എസ് സംസ്ഥാന നിർവാഹക സമിതിയോഗം സമ്പൂർണമായി തള്ളിക്കളയുന്നുവന്നും ഇടതുപക്ഷത്തെ മതേതരകക്ഷികളുമായി തുടർന്നുവരുന്ന മുന്നണി ബന്ധം അരക്കിട്ട് ഉറപ്പിച്ച് അവിടെത്തന്നെ തുടരുമെന്നും മാത്യു ടി. തോമസ് പറഞ്ഞു. 2006ൽ സമാന സാഹചര്യമുണ്ടായപ്പോൾ ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ച് ജെ.ഡി.എസ് ഇടതുപക്ഷത്ത് തന്നെ തുടരുകയായിരുന്നുവെന്ന കാര്യവും മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി സംസാരിച്ച് തുടർ നടപടികൾ തീരുമാനിക്കും. പുതിയ പാർട്ടി രൂപീകരിക്കണമോ അതോ മറ്റു ഏതെങ്കിലും പാർട്ടിയുമായി ലയിക്കണോ എന്ന കാര്യത്തിലും തീരുമാനമെടുക്കും. കൂറുമാറ്റ നിരോധന നിയമ പ്രശ്നങ്ങൾ, പാർട്ടി ചിഹ്നം ഉൾപ്പെടെയുള്ള വിഷയങ്ങളും പരിശോധിക്കേണ്ടതുണ്ട്. അതിനാൽ തുടർകാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാനാകില്ലെന്നും ഏതു സാഹചര്യത്തെയും നേരിടാനുള്ള തയാറെടുപ്പുമായാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്നും മാത്യു ടി. തോമസ് വിശദീകരിച്ചു.
ജനതാദൾ എസിന്റെ ദേശീയ നേതൃത്വം എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായതോടെയുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്നലെ കൊച്ചിയിൽ അടിയന്തര നേതൃ യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് മാത്യു ടി. തോമസ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. ദേശീയ ഭാവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, എം.എൽ.എമാർ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടനാ പ്രസിഡന്റുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.