കണ്ണൂര്‍- എം.എസ്.എഫ് മുന്‍ ദേശീയ പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സിനിമാ താരവും അഭിഭാഷകനുമായ അഡ്വ. ഷുക്കൂര്‍. തനിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വ. സി ഷുക്കൂര്‍ വ്യക്തമാക്കി. മുസ്ലിം ലീഗിലെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ച് ഷുക്കൂര്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് കള്ളമാണെന്ന് ഷുക്കൂര്‍ പറഞ്ഞു.
ഞാന്‍ ലീഗിനെ കുറിച്ചു നിങ്ങള്‍ പോസ്റ്റില്‍ പറയുന്നതു പോലെ എവിടെ എപ്പോള്‍ പറഞ്ഞെന്ന് വ്യക്തമാക്കണം. ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്പോള്‍ ഫാക്ട് ചെക്ക് ചെയ്യുവാനുള്ള ബാധ്യത ഒരു അഭിഭാഷക എന്ന നിലയില്‍ നിങ്ങള്‍ക്ക് ഇല്ലേ ? പറഞ്ഞത് നുണയാണെന്നു ബോധ്യപെട്ടാല്‍ പോസ്റ്റ് പിന്‍വലിച്ചു മാപ്പു പറയണം. അല്ലാത്ത പക്ഷം എനിക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും സി. ഷുക്കൂര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.