ന്യൂദല്‍ഹി- ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രയേലിന് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം ഐക്യദാര്‍ഢ്യം. ഇസ്രയേലില്‍ ഭീകരാക്രമണമുണ്ടായെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നും ആക്രമണത്തിന് ഇരയായ നിഷ്‌കളങ്കര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പമായിരിക്കും നമ്മുടെ പ്രാര്‍ഥനകളും ചിന്തകളുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ വിഷമഘട്ടത്തില്‍ നാം ഇസ്രയേലിനോട് ഐക്യദാര്‍ഢ്യപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശനിയാഴ്ച അപ്രതീക്ഷിതമായുണ്ടായ ഹമാസ് ആക്രമണത്തില്‍ 22 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. അതിനു പിന്നാലെ രാജ്യം ഹമാസിനെതിരേയുള്ള യുദ്ധത്തിലാണെന്ന് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കരമാര്‍ഗവും കടല്‍മാര്‍ഗവും ഹമാസ് പോരാളികള്‍ ഇസ്രയേലില്‍ പ്രവേശിച്ചെന്നാണു വിവരം. സെന്‍ട്രല്‍ ഗസയിലും ഗസ സിറ്റിയിലും സ്‌ഫോടനങ്ങളുണ്ടായി. ദക്ഷിണ ഇസ്രയേലില്‍ നുഴഞ്ഞുകയറിയ ഹമാസ് പോരാളികള്‍ വഴിയാത്രക്കാരെ ആക്രമിക്കുന്ന നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സമീപകാലത്തെ ഏറ്റവും വലിയ സംഘര്‍ഷമാണ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്. ഗസയില്‍ നിന്നും 20 മിനിറ്റിനുള്ളില്‍ 5,000 റോക്കറ്റുകള്‍ തൊടുത്തതായി ഹമാസിന്റെ സൈനിക വിഭാഗം നേതാവ് പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിനു ശേഷം രണ്ടായിരത്തോളം റോക്കറ്റുകള്‍ ഇസ്രയേല്‍ വിക്ഷേപിച്ചതായും ഹമാസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിലുണ്ടായ ഏറ്റവും വലിയ ഇന്റലിജന്‍സ് വീഴ്ചയാണിതെന്നാണ് വിവരം. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗസ തുടര്‍ച്ചയായി നടത്തിയ ആക്രമണം ഏകദേശം രണ്ടരമണിക്കൂറോളം നീണ്ടുനിന്നു.