Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസിന്റെ നട്ടെല്ല് ലീഗിന് പണയം വെച്ചു- ശ്രീധരന്‍ പിള്ള

തിരുവനന്തപുരം- സംസ്ഥാനത്ത് എല്‍.ഡി.എഫും യു.ഡി.എഫും  അധികാരത്തില്‍ കയറുന്നത് നുണ പ്രചരിപ്പിച്ച് ഭീതി സൃഷ്ടിച്ചാണെന്ന്  ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള. ബി.ജെ.പിയുടെ പേരു പറഞ്ഞ് ഇവര്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയപ്പാട് സൃഷ്ടിക്കുന്നു. ഈ നുണപ്രചാരണം രണ്ടു മുന്നണികളും ഉപേക്ഷിക്കണം. ശൈഖ് അബ്ദുല്ലയുമായും പി.ഡി.പിയുമായും  ഭരണം നടത്തിയ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നട്ടെല്ല് ലീഗ് നേതൃത്വത്തിന് മുന്നില്‍ പണയം വെച്ചിരിക്കുകയാണ്. ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ പ്രതികരിക്കണം. ദേശീയ ബോധമുള്ള മുസ്‌ലിം നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസില്‍ ഇല്ലാതായി. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നേതാക്കള്‍ ഉള്ളതിനാലാണ് സി.പി.എം ദേശീയ രാഷ്ട്രീയത്തില്‍നിന്ന് അപ്രത്യക്ഷമായത്. ഉടന്‍ കേരളത്തിലും ഇത് സംഭവിക്കും. അടല്‍ബിഹാരി വാജ്‌പേയ് എന്ന ബി.ജെ.പി നേതാവിന്റെ ഔദാര്യം കൊണ്ടാണ് സി.പി.എം ഇന്നും ദേശീയ പാര്‍ട്ടിയെന്ന പദവി കൈയാളുന്നത്. കേരളം എല്ലാ മേഖലയിലും പിന്നോക്കം പോയത് എന്തുകൊണ്ടാണെന്ന് നാളിതുവരെ സംസ്ഥാനം ഭരിച്ചവര്‍ വ്യക്തമാക്കണം.
1956 ല്‍ ഉണ്ടായിരുന്ന അവസ്ഥയില്‍നിന്ന് ഒരിഞ്ചുപോലും മുന്നോട്ട് പോകാന്‍ കേരളത്തിന് സാധിക്കാത്തതിനെപ്പറ്റി രാഷ്ട്രീയം മാറ്റിവെച്ച് ചര്‍ച്ച ചെയ്യണം. മാതാവിന് ജയ് വിളിക്കാന്‍ തയാറാകാത്തവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍. ഭാരതത്തെ പതിനാറായി വിഭജിക്കണമെന്ന് ക്യാബിനറ്റ് മിഷന് മുന്നില്‍ നിര്‍ദ്ദേശം വെച്ചവരാണ് ഇവര്‍. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഭാര്യയുടെ മരണത്തെപ്പറ്റിയുള്ള സംശയത്തില്‍നിന്ന് രക്ഷപ്പെടാനാണ് ശശി തരൂര്‍ എം.പി ഹിന്ദുപാക്കിസ്ഥാന്‍ പരാമര്‍ശം നടത്തിയത്. ദേശീയ കോണ്‍ഗ്രസ് ഇതിനെ തള്ളിപ്പറഞ്ഞെങ്കിലും സംസ്ഥാന നേതാക്കള്‍ തരൂരിനെ പിന്‍തുണച്ചത് മത രാഷ്ട്രീയത്തിന് കീഴടങ്ങിയതു കൊണ്ടാണെന്നും അദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് അവഹേളനമായി തോന്നുന്നുവെങ്കില്‍ മാപ്പു പറയുകയാണ് ഉചിതമെന്നായിരുന്നു മീശ നോവലിനെപ്പറ്റിയുള്ള  പ്രതികരണം. മുന്‍കാല നേതാക്കളെ മുഴുവന്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്ന ശൈലിയായിരിക്കും തന്റേത്. എന്‍.ഡി.എയുടെ അടിത്തറ വിപുലീകരിക്കുമെന്നും എല്ലാവര്‍ക്കുമായി ബി.ജെ.പിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ജി. പ്രമോദ്, സെക്രട്ടറി എം. രാധാകൃഷ്ണന്‍ എന്നിവര്‍ ഉപഹാരം കൈമാറി.

 

Latest News