Sorry, you need to enable JavaScript to visit this website.

നെല്ലിന് കേന്ദ്രം താങ്ങുവില കൂട്ടിയപ്പോള്‍, കുത്തനെ കുറച്ച് കേരളം

തിരുവനന്തരപുരം- നെല്ല് സംഭരണത്തിലെ സംസ്ഥാന വിഹിതം സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കുറച്ചു. 1.43 രൂപയാണ് നിലവിലെ വിലയില്‍ കേരള സര്‍ക്കാര്‍ കുറച്ചത്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് നേട്ടമാകില്ല. ഒന്നാം വിള നെല്ല് സംഭരണം ഇത്തവണയും 28.20 രൂപയ്ക്ക് തന്നെയായിരിക്കും. 2021-22 സാമ്പത്തിക വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹന വിഹിതം വെട്ടിക്കുറക്കാന്‍ ആരംഭിച്ചത്. മുന്‍വര്‍ഷത്തെ സംസ്ഥാന വിഹിതത്തില്‍ നിന്ന് 20 പൈസ കുറച്ചായിരുന്നു ആ വര്‍ഷത്തെ വിതരണം. തുടര്‍ ഭരണത്തിലേറിയ തൊട്ടടുത്ത തവണ വീണ്ടും 80 പൈസ കുറഞ്ഞു. ഇത്തവണ ഒരു പടി കൂടി കടന്ന് 1.43 രൂപ കുറച്ചു. 2021-22 ല്‍ 8.60 രൂപയായിരുന്ന സംസ്ഥാന വിഹിതം അങ്ങനെ 2023-24ല്‍ 6.37 രൂപയായി മാറി.
കേന്ദ്ര വിഹിതം 2021-22ല്‍ 19.40 രൂപയായിരുന്നു. ഇത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 21.83 രൂപയായി വര്‍ധിച്ചു. ആകെ 2.43 രൂപ കൂടി. പത്ത് ശതമാനത്തിലേറെയാണ് കേന്ദ്ര വിഹിതത്തിലുണ്ടായ വര്‍ധന. എന്നാല്‍ സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചതോടെ കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് 20 പൈസയുടെ നേട്ടം മാത്രമേ കിട്ടൂ.
സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്തതിനാലാണ് പ്രോത്സാഹന വിഹിതം വര്‍ധിപ്പിക്കാത്തത് എന്നാണ് സപ്ലൈക്കോയുടെ വിശദീകരണം. കൃഷിച്ചിലവില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും സപ്ലൈക്കോ അതിനനുസരിച്ചുളള വര്‍ധനവ് കര്‍ഷകന് നല്‍ന്‍ തയ്യാറല്ല. കഴിഞ്ഞ വര്‍ഷത്തെ നെല്ല് സംഭരിച്ചതിന്റെ വില ഇനിയും നള്‍കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു.

Latest News