ജിദ്ദ - ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം വിദേശ തീർഥാടകരുടെ എണ്ണത്തിൽ അഞ്ചു ശതമാനം വർധനയുള്ളതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ബുധനാഴ്ച അർധ രാത്രി വരെ വിദേശങ്ങളിൽ നിന്ന് 6,03,764 തീർഥാടകരാണ് എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയവളിനെ അപേക്ഷിച്ച് 30,608 തീർഥാടകർ ഈ കൊല്ലം അധികം എത്തിയിട്ടുണ്ട്. തീർഥാടകരിൽ 5,93,143 പേർ വിമാന മാർഗവും 5,093 പേർ കര മാർഗവും 5,528 പേർ കപ്പൽ മാർഗവുമാണ് എത്തിയതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഈ വർഷം വിദേശങ്ങളിൽ നിന്ന് ഇരുപതു ലക്ഷത്തോളം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹജ്, ഉംറ മന്ത്രാലയ വക്താവ് ഹാതിം ഖാദി പറഞ്ഞു.