അബുദാബി - സുസ്ഥിര വ്യവസായ വികസനത്തില്‍ സഹകണം ശക്തമാക്കാനും വ്യവസായ, സാങ്കേതിക മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും യു.എ.ഇയും ഇന്ത്യയും ധാരണാപത്രം ഒപ്പുവെച്ചു. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ശൈഖ് ഹാമിദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ സാന്നിധ്യത്തില്‍ യു.എ.ഇ വ്യവസായ, അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ജാബിറും ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും കാലാവസ്ഥാ നിഷ്പക്ഷത കൈവരിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും, സുസ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്ന നൂതനവും സാങ്കേതികവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന നിലക്ക് വ്യാവസായിക മേഖലയിലും നൂതന സാങ്കേതികവിദ്യയിലും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കാനും വ്യാവസായിക മേഖലയിലെ വിവിധ തലങ്ങളില്‍ അവയുടെ പ്രയോഗം പ്രാപ്തമാക്കാനും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വ്യാപാര, ലോജിസ്റ്റിക് കേന്ദ്രം എന്ന നിലയില്‍ യു.എ.ഇയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന യു.എ.ഇ, ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സി.ഇ.പി.എ) അനുസൃതമാണ് പുതിയ കരാര്‍. സപ്ലൈ ചെയിന്‍ റെസിലന്‍സ്, പുനരുപയോഗ ഊര്‍ജം, ആരോഗ്യം, സ്‌പേസ് സിസ്റ്റം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍ഡസ്ട്രി 4.0, നൂതന സാങ്കേതികവിദ്യകള്‍, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്റ് മെട്രോളജി എന്നീ എട്ടു പ്രധാന മേഖലകളില്‍ ധാരണാപത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
നൂതന വ്യവസായങ്ങള്‍, ഊര്‍ജ സംക്രമണ പരിഹാരങ്ങള്‍, ആരോഗ്യ സംരക്ഷണം, ബഹിരാകാശം എന്നിവയുള്‍പ്പെടെ ഇരു രാജ്യങ്ങളുടെയും ദേശീയ സമ്പദ്‌വ്യവസ്ഥകള്‍ക്കായി മുന്‍ഗണനാ മേഖലകളില്‍ വ്യാവസായിക നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സഹകരണത്തിന്റെ വിവിധ വശങ്ങള്‍ ധാരണാപത്രം ഉള്‍ക്കൊള്ളുന്നതായി ഡോ. സുല്‍ത്താന്‍ അല്‍ജാബിര്‍ പറഞ്ഞു. സുസ്ഥിരതയെയും കാലാവസ്ഥാ നിഷ്പക്ഷതയെയും പിന്തുണക്കുന്ന നൂതനവും സാങ്കേതികവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. ഈ തന്ത്രപ്രധാന മേഖലകളില്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതിലൂടെ യു.എ.ഇക്കും ഇന്ത്യക്കും സുസ്ഥിര വളര്‍ച്ച ത്വരിതപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും കൂടുതല്‍ മത്സരാത്മകവും കാര്യക്ഷമവും സുസ്ഥിരവുമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് ഡോ. സുല്‍ത്താന്‍ അല്‍ജാബിര്‍ പറഞ്ഞു.