ന്യൂദല്‍ഹി- ഇരുരാജ്യങ്ങളിലും നയതന്ത്ര പ്രതിനിധികളുടെ എണ്ണവും പദവിയും തുല്യമായിരിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതലുള്ളവരെ പിന്‍വലിക്കാനുള്ള ഇന്ത്യയുടെ ആവശ്യം സ്വീകരിച്ച് കാനഡ. ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനായി കൂടുതല്‍ പേരെ പിന്‍വലിച്ചു തുടങ്ങി. ഇന്ത്യയില്‍ നിന്നും പിന്‍വലിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരെ മറ്റു രാജ്യങ്ങളിലേക്കാണ് മാറ്റുന്നത്.
ഒക്ടോബര്‍ പത്താം തിയ്യതിക്കകം 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. അല്ലാത്തപക്ഷം കൂടുതലുള്ളവര്‍ക്ക് നയതന്ത്ര പരിരക്ഷ ലഭ്യമാകില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ സിംഗപ്പുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് മാറ്റിയത്.
ഇന്ത്യയില്‍ കാനഡയ്ക്ക് 62 നയതന്ത്ര പ്രതിനിധികളാണ് ഉണ്ടായിരുന്നത്. ഖലിസ്ഥാന്‍ വിഘടനവാദി ഗര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ ഇന്ത്യ- കാനഡ ബന്ധം വഷളായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞതിന് പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് കാനഡക്കാര്‍ക്ക് ഇന്ത്യ വിസ നല്‍കുന്നത് സെപ്റ്റംബര്‍ 18 മുതല്‍ നിര്‍ത്തിവെച്ചു.