റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ യാത്രക്കാരുടെ ബാഗേജുകളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പുതുതായി രണ്ടു ഓഫീസുകൾ തുറന്നു. അന്താരാഷ്ട്ര സർവീസുകൾ നടക്കുന്ന ഒന്നാം ടെർമിനലിലും രണ്ടാം ടെർമിനലിലുമാണ് പുതിയ ഓഫീസുകൾ തുറന്നിരിക്കുന്നത്. യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റിയാദ് എയർപോർട്‌സ് കമ്പനി പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ലഗേജുകൾ സൂക്ഷിക്കുന്നതിന് കൂടുതൽ സ്ഥലം ലഭ്യമാക്കുന്ന പുതിയ ഓഫീസുകളിൽ കൂടുതൽ കൗണ്ടറുകളുമുണ്ട്.
റിയാദ് എയർപോർട്ടിൽ യാത്രക്കാർ എത്തുന്ന അതേ വിമാനങ്ങളിൽ ലഗേജുകൾ എത്താത്തതുമായി ബന്ധപ്പെട്ട യാത്രക്കാരുടെ മുഴുവൻ അപേക്ഷകളും ബാഗേജ് സർവീസ് ഓഫീസുകളിൽ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തിയും ഫോളോഅപ് നടത്തിയും ബാഗേജുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയാണ് പുതിയ ഓഫീസുകൾ ചെയ്യുക. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിപ്പിക്കുന്നതിന്റെ കരാറേറ്റെടുത്ത റിയാദ് എയർപോർട്‌സ് കമ്പനി ഈ വർഷാദ്യം മുതൽ ഏതാനും പുതിയ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.