മക്ക - നിയമം ലംഘിച്ച് മക്കയിൽ പ്രവർത്തിച്ചിരുന്ന പതിമൂന്നു നഴ്‌സറി സ്‌കൂളുകൾ പോലീസ്, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക കമ്മിറ്റി അടപ്പിച്ചു. ഈ സ്‌കൂളുകളിൽ ജോലി ചെയ്തിരുന്ന 48 വിദേശ അധ്യാപകരെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ശുമൈസി ഡീപോർട്ടേഷൻ സെന്ററിലേക്ക് മാറ്റി. മക്ക ഗവർണറേറ്റിന്റെ നിർദേശാനുസരണം പോലീസ്, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി നടത്തിയ പരിശോധനകളിൽ വിദേശികൾ നിയമ വിരുദ്ധമായി നടത്തിയിരുന്ന സ്‌കൂളുകളും നഴ്‌സറികളും കണ്ടെത്തിയിരുന്നു. ഇതേ കുറിച്ച റിപ്പോർട്ട് കമ്മിറ്റി ഗവർണറേറ്റിന് സമർപ്പിച്ചു. ഇതിനു ശേഷമാണ് പോലീസും വിദ്യാഭ്യാസ വകുപ്പും ചേർന്ന് റെയ്ഡ് നടത്തി പതിമൂന്നു നഴ്‌സറികളും ക്രഷെകളും അടപ്പിച്ചത്. ഈ സ്‌കൂളുകളിൽ ജോലി ചെയ്തിരുന്ന 48 അധ്യാപകരും അധ്യാപികമാരും റെയ്ഡിനിടെ പിടിയിലായി. അനധികൃത സ്‌കൂളുകളും നഴ്‌സറികളും കണ്ടെത്തുന്നതിന് നടത്തിയ ആദ്യ ഘട്ട റെയ്ഡിൽ പതിമൂന്നു സ്‌കൂളുകളാണ് കണ്ടെത്തിയതെന്നും രണ്ടാം ഘട്ട റെയ്ഡ് അടുത്തയാഴ്ച ആരംഭിക്കുമെന്നും മക്ക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.