Sorry, you need to enable JavaScript to visit this website.

കീകി ഡാൻസ് ശിക്ഷ ലഭിക്കുന്ന നിയമ ലംഘനം - ട്രാഫിക് പോലീസ്

റിയാദ് - ഓടിച്ചുകൊണ്ടിരിക്കെ സാഹസികമായി കാറിൽ നിന്ന് പുറത്തേക്ക് ചാടിയിറങ്ങി റോഡിൽ നൃത്തം ചെയ്ത ശേഷം വീണ്ടും കാറിൽ കയറുന്ന കീകി ചലഞ്ച് നൃത്തം ശിക്ഷ ലഭിക്കുന്ന നിയമലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഇത്തരക്കാരെ കസ്റ്റഡിയിലെടുത്ത് ശിക്ഷകൾ വിധിക്കും. കീകി ഡാൻസ് സൃഷ്ടിക്കുന്ന അപകടത്തെ കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനെയും അവർക്ക് മുന്നറിയിപ്പ് നൽകുന്നതിനെയും കുറിച്ച് സുരക്ഷാ വകുപ്പുകൾ ചർച്ചകൾ നടത്തുന്നുണ്ട്. 
ഡ്രൈവിംഗിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന കീകി ഡാൻസ് വാഹനാപകടങ്ങൾക്ക് ഇടയാക്കിയേക്കും. മറ്റുള്ളവരുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന കീകി ഡാൻസ് നിയമ ലംഘനമാണ്. ഇത്തരം നൃത്തം ചെയ്യുന്ന സ്ത്രീപുരുഷന്മാർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. കീകി ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓരോ നിയമ ലംഘനവും അവയുടെ സാഹചര്യങ്ങളും പ്രത്യേകം പഠിച്ചാണ് ശിക്ഷ വിധിക്കുകയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 
ദിവസങ്ങൾക്കു മുമ്പ് അൽകോബാറിൽ കീകി നൃത്തം ചെയ്ത യുവതിക്ക് ട്രാഫിക് പോലീസ് പിഴ ചുമത്തിയിരുന്നെന്ന് കിഴക്കൻ പ്രവിശ്യാ പോലീസ് അസിസ്റ്റന്റ് വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽദറൈഹിം പറഞ്ഞു. കൂടുതൽ കടുത്ത ശിക്ഷകൾ വിധിക്കുന്നതിന് യുവതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും പോലീസ് വക്താവ് അറിയിച്ചു. അൽകോബാറിൽ മെയിൻ റോഡിൽ യുവതി കീകി ഡാൻസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 
 

Latest News