Sorry, you need to enable JavaScript to visit this website.

വടക്കേ വയനാട്ടിലെ മാവോവാദി സാന്നിധ്യം പോലീസിനു തലവേദനയായി

2021ൽ കമ്പമലയിൽ മാവോയിറ്റുകൾ കെട്ടിയ ബാനർ(ഫയൽ). 

കൽപറ്റ- വടക്കേ വയനാട്ടിലെ തലപ്പുഴയിലും സമീപങ്ങളിലുമായി ഒരാഴ്ചയ്ക്കിടെ മൂന്നു തവണ മാവോയിസ്റ്റുകൾ എത്തിയത് പോലീസിനു പുത്തൻ തലവേദനയായി. സെപ്റ്റംബർ 28ന് പകൽ തലപ്പുഴ കമ്പമല തേയിലത്തോട്ടത്തിൽ   കേരള വനം വികസന കോർപറേഷൻ  ഡിവിഷണൽ മാനേജരുടെ ഓഫീസ്  അടിച്ചുതകർത്ത  മാവോയിസ്റ്റുകൾ ഒക്ടോബർ ഒന്നിനു രാത്രി തലപ്പുഴ ചുങ്കം പൊയിലിൽ രണ്ടു വീടുകളിൽ എത്തി. ഏറ്റവും ഒടുവിൽ ബുധനാഴ്ച സന്ധ്യയോടെ കമ്പമല തേയിലത്തോട്ടത്തിലെ പാടികളിലും മാവോവാദികൾ സാന്നിധ്യം അറിയിച്ചു. ആശയ പ്രചാരണത്തിനു പാടി പരിസരത്ത് പോസ്റ്ററുകൾ പതിച്ച സംഘം പ്രദേശത്ത് നിരീക്ഷണത്തിന് പോലീസ് സ്ഥാപിച്ച കാമറകളും തകർത്തു. 
കമ്പമലയിൽ കെ.എഫ്.ഡി.സി ഓഫീസിൽ അക്രമം നടത്തി അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം വരുത്തിയ ആറംഗ സംഘത്തിലെ അഞ്ചു പേരേ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതേ സംഘമാണ് പിന്നീട് ചുങ്കം പൊയിലിലും കമ്പമല പാടികളിലും എത്തിയതെന്നാണ് പോലീസ് അനുമാനം. 
മാസങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷമാണ് കമ്പമലയിൽ കെ.എഫ്.ഡി.സി ഓഫീസ്  ആക്രമണത്തിലൂടെ  മാവോവാദികൾ ജില്ലയിൽ സാന്നിധ്യം അറിയിച്ചത്. ഇതിനുശേഷം പോലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയ പശ്ചാത്തലത്തിലാണ് വീണ്ടും മാവോയിസ്റ്റുകൾ എത്തിയത്. ഇത് പോലീസിനോടുള്ള വെല്ലുവിളിയായാണ് പൊതുരംഗത്തുള്ളവർ വിലയിരുത്തുന്നത്. 2021 ഓഗസ്റ്റ് 14ന് കമ്പമല തോട്ടത്തിൽ മാവോവാദികൾ എത്തിയിരുന്നു. തോട്ടത്തിൽ ബാനർ കെട്ടിയശേഷമാണ് സംഘം മടങ്ങിയത്. 
ജില്ലയിൽ 2014 മുതൽ മാവോവാദികൾ പ്രവർത്തിക്കുന്നുണ്ട്. ആ വർഷം ഏപ്രിൽ 24ന് രാത്രി  കുഞ്ഞോത്തിനു സമീപം മട്ടിലയത്ത് ആദിവാസിയും സിവിൽ പോലീസ് ഓഫീസറുമായ പ്രമോദ് ഭാസ്‌കരന്റെ വീട്ടിലെത്തിയ മാവോവാദികൾ  അദ്ദേഹത്തേയും അമ്മയേയും ഭീഷണിപ്പെടുത്തുകയുണ്ടായി.  പ്രമോദിന്റെ വീടിന്റെ ഭിത്തിയിൽ മാവോവാദി അനുകൂല പോസ്റ്ററുകൾ  പതിച്ചു. അതേവർഷം നവംബർ 18നു രാത്രി തിരുനെല്ലി  അഗ്രഹാരം റിസോർട്ടിന്റെ ജാലകച്ചില്ലുകളും തീൻമുറിയിലെ മേശകളും  തകർത്തു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്  മാവോയിസ്റ്റുകൾ  പാലക്കാട് പത്രക്കുറിപ്പ് ഇറക്കുകയുണ്ടായി.  വടക്കേ വയനാട്ടിലെ ചപ്പ വനത്തിൽ മാവോവാദികളും പോലീസും നേർക്കുനേർ നിറയൊഴിച്ചത് 2014 ഡിസംബർ ആദ്യവാരമാണ്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനുനേരേ ആക്രമണം ഉണ്ടായി. മാവോവാദികളെ പിടികൂടുന്നതിനു കേരള പോലീസിന്റെ കമാൻഡോ വിഭാഗമായ തണ്ടർ ബോൾട്ടിനെയടക്കം വയനാട്ടിലും സമീപ പ്രദേശങ്ങളിലും വിന്യസിച്ചിരുന്നു. കമാൻഡോകളടക്കം പോലീസ് സേനാംഗങ്ങൾ ജാഗ്രത പുലർത്തുന്നതിനിടെയായിരുന്നു അങ്ങിങ്ങ് മാവോവാദി ആക്രമണം. 
ജില്ലയിൽ മേപ്പാടി, തരിയോട്, പടിഞ്ഞാറത്തറ, തൊണ്ടർനാട്, തിരുനെല്ലി, പനമരം, നൂൽപ്പുഴ, പൂതാടി  പഞ്ചായത്തുകളിൽ വനത്തോടുചേർന്നുള്ള ആദിവാസി കോളനികളിലാണ് മാവോവാദികൾ ആശയ പ്രചാരണം നടത്തിവന്നിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) പശ്ചിമഘട്ട സമിതിക്കു കീഴിൽ വയനാട്ടിൽ കബനി ദളവും കേരള, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ അതിരിടുന്ന വനപ്രദേശം കേന്ദ്രമാക്കി 'സഹ്യാദ്രി  യുദ്ധ മുന്നണിയും' പ്രവർത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. 
വർഗസമര പ്രക്രിയയിൽ ജനങ്ങളെ കൂടെ നിർത്തുന്നതിനുള്ള പ്രവർത്തനമാണ് കേരളത്തിൽ  നടത്തിവരുന്നതെന്നാണ്  മാവോവാദികൾ അവരുടെ പ്രസിദ്ധീകരണമായ കാട്ടതീയിലൂടെ അവകാശപ്പെട്ടിരുന്നത്.  സംസ്ഥാനത്ത് വയനാടിനു പുറമേ കാസർകോട്,  കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളും മാവോവാദികൾ പ്രവർത്തനമേഖലയാക്കിയിരുന്നു. ഇതിനകം  വയനാട്ടിൽ മാത്രം ലക്കിടി ഉപവൻ റിസോർട്ട് വളപ്പിലും പടിഞ്ഞാറത്തറ ബപ്പനം വനത്തിലുമായി രണ്ട് മാവോവാദികൾ പോലീസിന്റെ വെടിയേറ്റു മരിക്കുകയുമുണ്ടായി. 
കണ്ണൂർ ജില്ലയിലെ ആറളത്ത് കഴിഞ്ഞ മാസങ്ങളിൽ മാവോവാദികൾ നിരവധി തവണ സാന്നിധ്യം അറിയിച്ചിരുന്നു. ആറളത്ത് രഹസ്യപ്രവർത്തനം നടത്തുന്ന അതേ ഗ്രൂപ്പിലുള്ളവരാണ് ഏറെ അകലെയല്ലാത്ത തലപ്പുഴയിലും എത്തിയതെന്നാണ് പോലീസ് കരുതുന്നത്. 
കമ്പമലയിൽ വന്ന സംഘത്തിലെ അംഗമെന്ന് പോലീസ് സ്ഥിരീകരിച്ച സോമൻ കൽപറ്റ സ്വദേശിയാണ്. മുൻ മാധ്യമപ്രവർത്തകനുമാണ് ഇയാൾ. 

മാവോയിസ്റ്റ് ഭീഷണി, മുതുകാട് എസ്റ്റേറ്റിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനം

പേരാമ്പ്ര- മാവോയിസ്റ്റുകളെത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ചക്കിട്ടപ്പാറയിലെ  മുതുകാട് മേഖലയിൽ സുരക്ഷ ശക്തമാക്കുന്നു. പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റിൽ വനം വകുപ്പ് കടുവ സഫാരി പാർക്ക് സ്ഥാപിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകളെത്താൻ സാധ്യതയുണ്ടെന്നാണ് അനുമാനം. ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന മേഖലകളിലെ ട്രൈബൽ കോളനിയിൽ മാവോവാദി സാന്നിധ്യമുണ്ടോ എന്നത് ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കും. വന്യജീവി വാരാഘോഷം കഴിയുന്നത് വരെ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പോലീസ് സുരക്ഷ ഇല്ലാതെ യാത്ര ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്. 2021 സെപ്റ്റംബർ മുതൽ  പ്രസിഡന്റ്  കെ. സുനിലിന് പോലീസ് സുരക്ഷയുണ്ട്. എസ്റ്റേറ്റിലും മറ്റും മാവോവാദികൾ പല തവണ എത്തിയിട്ടുണ്ട്. മേഖലയിൽ സുരക്ഷ ശക്തമാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത  വഹിച്ചു. പെരുവണ്ണാമുഴി സി.ഐ കെ. സുഷീർ, എസ്.ഐ ആർ.സി ബിജു , വനം വകുപ്പ് ഡി.ആർ.ഒ ബൈജുനാഥ് എന്നിവർ പങ്കെടുത്തു. 

Latest News