Sorry, you need to enable JavaScript to visit this website.

കഴുത്തില്‍ നിറയെ ആഭരണം കാണും, ജ്യോതിഷികളെ ലക്ഷ്യമിട്ടത് എന്തുകൊണ്ടെന്ന് അന്‍സിയ

കൊച്ചി - ജ്യോതിഷികളെ ഹണിട്രാപില്‍ പെടുത്തി കവര്‍ച്ച നടത്തുന്ന അന്‍സിയ കൂടുതല്‍ കേസുകളില്‍ പ്രതിയായേക്കും.  അന്‍സിയയുടെ നേതൃത്വത്തില്‍ ഒരാളെക്കൂടി കവര്‍ച്ചക്ക് ഇരയാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയായ ഇയാളും ജ്യോത്സ്യനാണെന്നാണ് സൂചന. സംഭവത്തില്‍ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്‌തേക്കും. കൊല്ലം സ്വദേശിയെ കവര്‍ച്ച ചെയ്ത കേസില്‍ രണ്ട് കൂട്ടു പ്രതികളാണുള്ളത്. ഇവരുടെ അറസ്റ്റ് വൈകാതെയുണ്ടാകും.

ജ്യോത്സ്യന്മാരെയും പൂജാരിമാരെയുമാണ് അന്‍സിയയും സംഘവും നോട്ടമിട്ടിരുന്നത്. ഇവര്‍ വലിയ ആഭരണങ്ങള്‍ ധരിക്കുമെന്നതിനാലാണത്രേ ഈ രീതി പിന്തുടര്‍ന്നത്. ഫേസ്ബുക്കില്‍ നിരവധിപ്പേരുമായി ചാറ്റ് ചെയ്ത് അടുത്ത തട്ടിപ്പിന് കളമൊരുക്കുന്നതിനിടെയാണ് പിടിവീണത്. വിവാഹ ബന്ധം വേര്‍പ്പെടുത്തി കഴിയുന്ന ഇവര്‍ മൂവാറ്റുപുഴയില്‍ സുഹൃത്തിനൊപ്പമാണ് കഴിയുന്നത്.

സിം കോളുകള്‍ പിന്തുടര്‍ന്നാണ് അന്‍സിയയെ പോലീസ് പിടികൂടിയത്. ഒരു സിമ്മില്‍നിന്ന് അടുത്തിടെ പോയ വിളി മൂവാറ്റുപുഴയിലെ ഒരു ഓട്ടോഡ്രൈവറുടെ നമ്പറിലേക്കെന്ന് കണ്ടെത്തിയത് വഴിത്തിരിവായി. ഓട്ടോ ഡ്രൈവര്‍ വഴി യുവതിയിലേക്ക് അന്വേഷണസംഘം എത്തി. ഫേസ്ബുക്കില്‍ പല പേരുകളില്‍ ഇവര്‍ക്ക് വ്യാജ അക്കൗണ്ടുകളുണ്ട്. 'ആതിര' എന്ന പേരില്‍ ജ്യോത്സ്യനായ യുവാവിന് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ച അന്‍സിയ പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് കുറഞ്ഞ ദിവസത്തിനുള്ളില്‍ സൗഹൃദം സ്ഥാപിച്ചു.

ചാറ്റിംഗില്‍ വീഴ്ത്തിയശേഷം ജ്യോത്സ്യനോട് കൊച്ചിയിലെത്താന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം എറണാകുളത്തെത്തിയ ജ്യോത്സ്യനെ കവര്‍ച്ചക്ക് ഇരയാക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരാണ് അബോധാവസ്ഥയില്‍ കണ്ട യുവാവിനെ രക്ഷിച്ചത്. ചൊവ്വാഴ്ച രാത്രി മൂവാറ്റുപുഴയില്‍ നിന്നാണ് അന്‍സിയെ പിടികൂടിയത്. തട്ടിയെടുത്ത ആഭരണവും ഫോണും ഇനിയും കണ്ടെത്താനായിട്ടില്ല.

 

Latest News