കണ്ണൂർ - കണ്ണൂർ സർവ്വകലാശാല സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ എസ്.എഫ്.ഐക്ക് വേണ്ടി അധികാര ദുർവിനിയോഗം നടത്തുകയാണെന്നും, ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ പറഞ്ഞു.
കോളേജുകളിൽ എസ്.എഫ്.ഐക്ക് നേരിട്ട് ഇടപെടാൻ ബുദ്ധിമുട്ടുള്ളയിടങ്ങളിൽ യൂണിവേഴ്‌സിറ്റി അധികാരി എന്ന പദവി ഉപയോഗിച്ച് കോളേജ് അധികൃതരെ ബന്ധപ്പെട്ട് എസ്.എഫ്.ഐ ക്ക് അനുകൂലമായി തീരുമാനങ്ങൾ എടുപ്പിക്കാൻ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് ഡയറക്ടറായ നഫീസ ബേബി.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ നോട്ടിഫിക്കേഷൻ വരുന്നതിന് തൊട്ട് തലേ ദിവസം എസ്.എഫ്.ഐക്ക് ഇലക്ഷൻ പ്രചരണം നടത്താൻ വേണ്ടി കൂത്തുപറമ്പ് നിർമലഗിരി കോളേജിലും ഇരിട്ടി എം.ജി കോളേജിലും യൂണിവേഴ്‌സിറ്റി യൂണിയന്റെ പരിപാടി എന്ന നിലയിൽ അനവസരത്തിൽ പരിപാടി അടിച്ചേൽപ്പിക്കാൻ നേരിട്ട് വിളിച്ചത് ഡി.എസ്.എസ് ആയിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്റെ ഫണ്ട് ഉപയോഗിച്ച് എസ്.എഫ്.ഐ യുടെ പരിപാടി നടത്താൻ ഒത്താശ ചെയ്യുന്നത് സർക്കാർ ശമ്പളം വാങ്ങുന്ന ഡി.എസ്.എസ്സാണ്.
അന്വേഷണ വിധേയമായി കോളേജിൽ നിന്നും താൽക്കാലികമായി മാറ്റി നിർത്തിയ വിദ്യാർത്ഥികളുടെ നോമിനേഷൻ സ്വീകരിക്കാൻ നിയമപരമായി തടസമില്ലെന്നിരിക്കെ
എസ്.എഫ്.ഐ നേതാക്കളുടെ നിർദ്ദേശത്തിൽ ഡി.എസ്.എസ് നേരിട്ട് നിർമലഗിരി കോളേജിൽ വിളിച്ച് പത്രിക തള്ളാൻ ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായി.
അതേസമയം ഡി പോൾ കോളേജിൽ ഇതേ സാഹചര്യം വന്നപ്പോൾ നോമിനേഷൻ സ്വീകരിക്കാൻ കഴിയുമെന്ന് പറഞ്ഞ ഡി.എസ്.എസ്സിന്റെ നിലപാട് രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായാണെന്ന് കെ.എസ്.യു നേതാക്കൾ ആരോപിച്ചു.
നിർമ്മലഗിരി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ യും കെ.എസ്.യു വും പന്ത്രണ്ട് വീതം സീറ്റുകൾ നേടിയ സാഹചര്യത്തിൽ ലിങ്‌ദോ കമ്മീഷൻ റിപ്പോർട്ട് പ്രകാരം യൂണിയൻ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പിൽ ചെയർമാന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വോട്ട് ചെയ്യാമെന്നിരിക്കെ അതും അട്ടിമറിക്കാൻ
എസ്.എഫ്.ഐ ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഡി.എസ്.എസ്.
നിർമ്മലഗിരി കോളേജിൽ എസ്.എഫ്.ഐ പാനലിൽ വിജയിച്ചവരിൽ ചിലർ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പിൽ നിന്നും ഇറങ്ങിപ്പോയതിന്റെ അടിസ്ഥാനത്തിൽ കോളേജ് അധികാരികൾ ഇലക്ഷൻ നിർത്തി വെച്ചത് ജനാധിപത്യ വിരുദ്ധവും വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കലാ കായിക അഭിരുചികളെ റദ്ദ് ചെയ്യുന്ന കോളേജ് അധികൃതരുടെ നടപടിയും അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ദേവമാതാ കോളേജിൽ ജനന തീയ്യതി തെറ്റിച്ച് എഴുതിയ എസ്.എഫ്.ഐ പ്രവർത്തകന്റെ നോമിനേഷൻ സ്വീകരിക്കണമെന്ന് റിട്ടേണിങ് ഓഫിസറെ വിളിച്ചു പറഞ്ഞതടക്കം നിരവധി സംഭവങ്ങളാണ് അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായി ഡി.എസ്.എസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.
വിദ്യാർത്ഥികളുടെ വിഷയങ്ങളിൽ നിഷ്പക്ഷമായി ഇടപെടേണ്ട യൂണിവേഴ്‌സിറ്റി ഡി.എസ്.എസ് പക്ഷം പിടിച്ച് തീരുമാനമെടുക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്. ഈ നിലപാടുമായി മുന്നോട്ട് പോകാനാണ് ഡി.എസ്.എസ് ചുമതല വഹിക്കുന്ന നഫീസ ബേബിയുടെ തീരുമാനമെങ്കിൽ പ്രതിഷേധങ്ങളും നിയമ നടപടികളുമായും മുന്നോട്ട് പോകുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ പറഞ്ഞു.