Sorry, you need to enable JavaScript to visit this website.

മാധ്യമവേട്ട; അടിയന്തരാവസ്ഥക്കാലത്തെ പോലും നാണിപ്പിക്കുന്നു -പ്രവാസി വെൽഫെയർ

ജിദ്ദ- ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന കടന്നു കയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് പ്രവാസി വെൽഫെയർ വെസ്‌റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘ്പരിവാർ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുവാൻ ഏതറ്റവും വരെ പോകും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രമുഖ ഓൺലൈൻ വാർത്താ പോർട്ടൽ എഡിറ്റർമാരുടെയും മുതിർന്ന പത്ര പ്രവർത്തകരുടെയും വീടുകളിലും ജോലി സ്ഥലങ്ങളിലും അതിക്രമിച്ചു കടന്നുള്ള റെയ്ഡും, കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുക്കുന്നതു പോലുള്ള നിയമ വിരുദ്ധ പ്രവൃത്തികളും. 
അടിയന്തിരാവസ്ഥ കാലത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള മാധ്യമ വേട്ടകളും, പൗരസ്വാതന്ത്ര്യ നിഷേധവുമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യം അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 152-ാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. ഭൂരിപക്ഷം മാധ്യമങ്ങളേയും പ്രലോഭനങ്ങൾ കൊണ്ടും, അതിനു കിട്ടാത്തവരെ സർക്കാറിന്റെ അധികാരമുപയോഗിച്ചു ഭീഷണിപ്പെടുത്തിയും നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പുതിയതല്ല. മലയാള ടെലിവിഷൻ ചാനലായ മീഡിയ വൺ അടച്ചു പൂട്ടാൻ ശ്രമിച്ചു കോടതിയിൽ പരാജയപ്പെട്ടതൊന്നും ബി.ജെ.പി സർക്കാരിനെ ഇത്തരം കുത്സിത ശ്രമങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നില്ല എന്ന് തന്നെയാണ് വീണ്ടും വീണ്ടും നടന്നുകൊണ്ടിരിക്കുന്ന മാധ്യമ വേട്ടകൾ തെളിയിക്കുന്നത്. 
അടുത്ത പൊതു തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്ന അഭിപ്രായ സർവേ ഫലങ്ങൾ വന്നതിനു ശേഷം യാതൊരു വിധ വിമർശനങ്ങളും അനുവദിക്കുകയില്ല എന്ന ദാർഷ്ട്യത്തിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് ഒന്നിച്ചു നിൽക്കേണ്ട സന്ദർഭമാണ് എന്ന് പ്രവാസി വെൽഫെയർ സൗദി വെസ്‌റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
 

Latest News