Sorry, you need to enable JavaScript to visit this website.

പെറ്റതള്ളയെ തള്ളിപ്പറയാന്‍ മടിക്കാത്ത മോന്‍, ബിനിഷ് കോടിയേരിക്കെതിരെ ജി. ശക്തിധരന്‍

തിരുവനന്തപുരം- കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കാത്തതില്‍ വിഷമം പറഞ്ഞ ഭാര്യ വിനോദിനിയെ തള്ളിപ്പറഞ്ഞ മകന്‍ ബിനീഷിനെതിരെ ജി. ശക്തിധരന്‍. പെറ്റതള്ളയെ  തള്ളിപ്പറഞ്ഞാല്‍ ശതകോടീശ്വരന്മാരുടെ  നിരയില്‍  ഇരിപ്പടം   തരപ്പെടുമെങ്കില്‍ അതിനും മടിക്കാത്ത ഒരു മോനാണിതെന്ന് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

കുറിപ്പ് വായിക്കാം.

സബാഷ്  വിജയേട്ടാ  സബാഷ്!
വികാര വിക്ഷോഭത്തോടെയുള്ള  എന്റെ ഈ  പ്രതികരണം പലര്‍ക്കും   പെട്ടെന്ന് മനസിലാകണമെന്നില്ല. ചിലര്‍ക്കാകട്ടെ  തമ്മില്‍കുത്തില്‍ രമിച്ചു സ്‌കോര്‍  നേടുന്നതിലാണ് നോട്ടം.  യഥാര്‍ഥ  വിഷയം  എന്താണ്  ? ദ്രവിച്ചുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയുടെ  മുഖം  ഒരു കുടുംബത്തിനുള്ളില്‍  നിന്ന്  ജീര്‍ണ്ണിച്ചു  പൊട്ടി  ഒലിച്ചുകൊണ്ടിരിക്കുന്നു .ഒരു പ്രമുഖ  മാധ്യമം അത് വലിച്ചു പുറത്തിട്ടു .  
പെറ്റതള്ളയെ  തള്ളിപ്പറഞ്ഞാല്‍ ശതകോടീശ്വരന്മാരുടെ  നിരയില്‍  ഇരിപ്പടം   തരപ്പെടുമെങ്കില്‍ അതിനും മടിക്കാത്ത ഒരു മോന്‍ ! അത് കണ്ട്  ആ അമ്മയ്ക്ക് ഹൃദയം പൊട്ടിപ്പോകാതിരിക്കുന്നത് ഒരായുസ്സ്  അഛനോടൊപ്പം  പങ്കിട്ടതിന്റെ സുകൃതം കൊണ്ടുമാത്രമാകാം  . അച്ഛനുള്ള    അന്ത്യ കൊളളി കൂടി  അമേരിക്കയിലെ  പറുദീസയിലേക്ക് വിമാനത്തില്‍  കൊണ്ടുപോകാന്‍  വഴിയുണ്ടായിരുന്നെങ്കില്‍ ആ മോന്‍  ആ പണിക്കും  ഒപ്പം  കൂടി  എല്ലാം അവിടെത്തന്നെ ആകാം  എന്ന്  കയ്യൊപ്പു  ചാര്‍ത്തികൊടുക്കുമായിരുന്നു . അതോടെ ആ ശല്യം  തീര്‍ന്നുകിട്ടുമായിരുന്നല്ലൊ . പറുദീസയിലേക്കുള്ള ടൂര്‍ മുടക്കി  എന്ന പഴിയും കേള്‍ക്കേണ്ടിവരില്ലായിരുന്നു.  
കാലം എത്ര   കഴിഞ്ഞാലും  വൈരം കുത്തിവെച്ച   ചില വിത്തിലെ    കയ്പു  മാറില്ല. എന്ന ചൊല്ലാണ്  ട്രിവാന്‍ഡ്രം ക്ലബിലെ തിരക്കഥയിലും  അന്വര്‍ത്ഥമാകുന്നത്  . രണ്ടു ജഗകില്ലാഡികള്‍ ഈ ദുര്യോഗം    കണ്ടു ഉള്ളാലെ     ചിരിക്കുന്നുണ്ടാകാം . ഒന്ന്,  കാരണഭൂതന്‍  കല്‍പ്പിച്ചിട്ടും    ജാതകവും പ്രായവും  കീഴ്വഴക്കവും  പൊക്കിപ്പിടിച്ചു   ഭരണസിരാകേന്ദ്രത്തില്‍  സി എം  രവീന്ദ്രനെ നിയമിക്കുന്നതില്‍ തടസ്സം നിന്നപ്പോള്‍ ഓര്‍ക്കണമായിരുന്നു  കോടിയേരി . ഏതു കഴുതയ്ക്കും   പകവീട്ടാന്‍ ഒരു നാള്‍ ഉണ്ടാകുമെന്നു.  പ്രതിപുരുഷന്റെ  റോളില്‍ രവീന്ദ്രനെ വാഴിക്കുന്നതില്‍  കാട്ടിയ   കാലവിളംബത്തിനുള്ള  ശിക്ഷ  ഇനി  ഇതാപിടിച്ചോ എന്നാവും.   ! ട്രിവാന്‍ഡ്രം ക്ലബിലെ വരമ്പത്തു  വിളമ്പി വച്ചിട്ടുണ്ട്  ശിക്ഷ . സെക്രട്ടറിയുടെ  ഭാര്യ  എന്ന് കരുതി  അധികം  ഡെക്കറേഷനൊന്നും വേണ്ട എന്ന് അന്ന് ആദ്ദേഹം പറഞ്ഞപ്പോള്‍ മനസിലായില്ല, അല്ലേ ? ഇപ്പോഴോ?പിടിപ്പതു   ചമയങ്ങള്‍  ചാര്‍ത്തി  താരപ്രഭയോടെ  നടന്നപ്പോള്‍    ഓര്‍മ്മിപ്പിച്ചതല്ലേ. സി എം ന്റെ  കുടുംബിനിയുടെ അതുക്കും    മേലെയുള്ള  പത്രാസ് വേണ്ടെന്നു.   ഇപ്പോളെന്തായി ? ചീള്  ചീട്ടുകളിയുടെ പേരില്‍  ആണെങ്കിലും കൊടുത്തത്    കനപ്പെട്ട ദുഷ്‌പ്പേര് തന്നെ ! അതിന്റെ പൊരുള്‍ മനസിലാകാത്ത  മകനാണ്  വിജയേട്ടന്  സ്തുതി  പാടിപ്പോകുന്നത്. . നിയമനം  വെച്ചുതാമസി പ്പിക്കാതെ      അനുസരിച്ചിരുന്നെങ്കില്‍ ചൂതാട്ടമല്ല  അതുക്കും മേലെയുള്ളത്   ക്ലബ്ബില്‍  നടന്നാലും  കണ്ണടയ്ക്കുമായിരുന്നു. ഇനി അനുഭവിച്ചോ?  
നമ്മുടെ  സമൂഹം  വിശ്വാസികളുടെ ഒരു സമൂഹമായിരുന്നെങ്കില്‍ ഇത്രമാത്രം  അധഃപതിക്കുമായിരുന്നോ  എന്ന് സംശയിച്ചുപോകുകയാണ്. ഇത്ര അന്തസാരശൂന്യരായജനത   നേതൃത്വം  കയ്യാളുന്ന  ഒരു സംവിധാനത്തിനാണ്  നമ്മള്‍ മഹത്വം കല്‍പ്പിക്കുന്നത്.ഈ നേതൃത്വത്തില്‍  നിന്ന്  നമുക്ക് എന്താണ് പഠിക്കാനുള്ളത് ?.  പാര്‍ട്ടി  എന്നത് ഉടമാവകാശമുള്ള സംവിധാനമാവുമ്പോഴാണ്  ഇങ്ങിനെ സംഭവിക്കുന്നത്  .സ്വന്തം മകന്  പോലും  മനസിലാകുന്നില്ല. സ്വന്തം  അച്ഛന്‍ മരിച്ചുകിടക്കുമ്പോള്‍ കുഞ്ഞുകുട്ടി പരാധീനങ്ങ ളെയും   കൊണ്ട്  വിദേശത്തു   ഉല്ലാസയാതയ്ക്കു  പോകുന്നവന്‍  ഒരിക്കലും  അച്ഛന്റെ സഖാവല്ല എന്ന്.   യൂറോപ്യന്‍  നാടുകളില്‍ ആഥിത്യമരുളാന്‍  കാത്തിരിക്കുന്ന  ശത കോടീശ്വരന്മാര്‍  ആണെന്ന്;   അവരുടെ സുഹൃത്തുക്കള്‍ ആണെന്ന് . പാര്‍ട്ടി എന്നത് സുഖത്തിന്റെ  മറ്റൊരു  നിര്‍വ്വചനമാക്കി  മാറ്റിയതുകൊണ്ടാണ്  അച്ഛനെപ്പോലും ഇങ്ങിനെ നിന്ദിക്കാന്‍  കഴിയുന്നത്.  യഥാര്‍ഥത്തില്‍  മരിച്ചുകിടക്കുന്ന അച്ഛനെ മറികടന്നു ഭൂഗോളം  ചുറ്റാന്‍  പോകുന്ന നേതാവിനെ  കുത്തിന് പിടിച്ചു  നിര്‍ത്താന്‍  കെല്‍പുള്ള  ഒരു പാര്‍ട്ടി   ഇവിടെ ഉണ്ടായിരുന്നെങ്കില്‍  അനുഷ്ഠാനപ്രകാരമുള്ള  ചടങ്ങുകള്‍  പൂര്‍ത്തിയാക്കിയേ  ഒരു ചുവട് പോലും   മുന്നോട്ടുവെക്കുള്ളുവായിരുന്നുള്ളു . .ദുഃഖാചരണം  ഏതു പരിഷ്‌കൃത സമൂഹത്തിനും  പരിചിതമായ  ചടങ്ങാണല്ലോ.

 

Latest News