Sorry, you need to enable JavaScript to visit this website.

ഇഖാമ പുതുക്കാന്‍ വാടകക്കരാര്‍; അലംഭാവം പാടില്ലെന്ന് കമ്പനികള്‍

ജിദ്ദ- സൗദിയില്‍ വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കുന്നതിന് വാടക കരാര്‍ നിര്‍ബന്ധമാക്കിയതോടെ എത്രയും വേഗം നിബന്ധന പൂര്‍ത്തീകരിക്കാന്‍ വിവിധ കമ്പനികള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിലുള്ള കാലതാമസവും പിഴയും ഒഴിവാക്കാന്‍ കഴിയും വേഗം ഫ്‌ളാറ്റുകളുടെ വാടക കരാര്‍ പാര്‍പ്പിട മന്ത്രാലയത്തിന്റെ കീഴിലുള്ള ഈജാര്‍ (വാടക) നെറ്റ് വര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്യാനാണ് കമ്പനികള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
പുതിയ നിബന്ധന നടപ്പിലാകാന്‍ ഒരു മാസം മാത്രമേ ബാക്കിയുള്ളൂവെന്നും അലംഭാവം പാടില്ലെന്നും കമ്പനികള്‍ നല്‍കിയ സര്‍ക്കുലറിലും നോട്ടീസിലും ഉണര്‍ത്തുന്നു.


പ്രവാസികൾക്ക് ഫ്ളാറ്റുകൾ പങ്കിടാം, വാടകക്കരാറിൽ പേർ ചേർക്കണം 



പുതിയ നിബന്ധന അടുത്ത മാസം പ്രാബല്യത്തില്‍  വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കെയാണ് കാലതാമസം ഒഴിവാക്കുന്നതിന് കമ്പനികള്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഫ്‌ളാറ്റ് ഉടമകളുമായും റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് ഇലക്‌ട്രോണിക് ലിങ്കിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടണമെന്നാണ് വിവിധ സ്ഥാപനങ്ങള്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍പ്പിട മന്ത്രാലയത്തിന്റെ നെറ്റ് വര്‍ക്കില്‍ കെട്ടിട ഉടമകള്‍ വന്നാല്‍ മാത്രമേ, വാടക കരാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ജീവനക്കാരുടെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായാല്‍ അത് വര്‍ക്ക്‌പെര്‍മിറ്റിന്റെ കാലാവധി തീരാന്‍ ഇടയാക്കുമെന്ന് കമ്പനികള്‍ നല്‍കിയ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഇലക്‌ട്രോണിക് പെയ്‌മെന്റ് സാധ്യമാക്കാനുമാണ് രാജ്യത്ത് ഇലക്‌ട്രോണിക് റെന്റ് പദ്ധതി ആരംഭിച്ചത്. ഹൗസിംഗ്, ജസ്റ്റിസ് മന്ത്രാലയങ്ങള്‍ സംയുക്തമായി ആരംഭിച്ച പദ്ധതിപ്രകാരം  രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാര്‍ അംഗീകൃത കരാറുകള്‍ ഇജാര്‍ നെറ്റ് വര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്യണം. താമസക്കാരും കെട്ടിടമുടമകളും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും ഉള്‍പ്പെടുന്ന വാടക പ്രക്രിയയിലൂടെ തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിനും പെട്ടെന്ന് പരിഹാരം കണ്ടെത്തുന്നതിനും സാധിക്കും. വാടകക്കരാറില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അംഗീകൃത റിയല്‍ എസ്റ്റേറ്റ് ബ്രോക്കേറജ് ഓഫീസുകള്‍ സന്ദര്‍ശിച്ച് ഇലക്‌ട്രോണിക് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. റിയല്‍ എസ്റ്റേറ്റ് ബ്രോക്കേര്‍സ് അപ്ലിക്കേഷന്‍ വഴി ബ്രോക്കര്‍മാരെ കണ്ടെത്താം.  

 

Latest News