മക്കളെ അധികാര രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നില്ലെങ്കിലും അവർക്ക് തന്റെ രാഷ്ട്രീയ അവബോധം നൽകണം. പ്രത്യേകിച്ചും സജീവ രാഷ്ട്രീയത്തിൽ നിൽക്കുന്നവർ. അല്ലെങ്കിൽ അനിൽ ആന്റണിയെ പോലുള്ള ദുരന്തങ്ങൾ സംഭവിക്കും. അതെ, വീട്ടിൽ രാഷ്ട്രീയം പറയേണ്ട എന്നതാവും എ.കെ. ആന്റണിയുടെ ജീവിതത്തിലെ ഏറ്റവും തെറ്റായ രാഷ്ട്രീയ തീരുമാനം.
കേരള രാഷ്ട്രീയത്തിൽ ഏറ്റവും ഭാഗ്യം സിദ്ധിച്ച നേതാവ് ആരെന്ന ചോദ്യത്തിന് ഉത്തരം എ.കെ. ആന്റണി എന്നാണ്. നന്നേ ചെറുപ്പത്തിൽ തന്നെ ആദർശവാൻ എന്ന മേലങ്കി ചില മാധ്യമങ്ങളും സ്വന്തം പാർട്ടിയിലെ കുറെ സഹപ്രവർത്തകരും അണിയിച്ചതിന്റെ ഗുണം ആവോളം അനുഭവിച്ച, യുവാവായിരിക്കുമ്പോൾ തന്നെ മുഖ്യമന്ത്രി കസേരയിൽ അവരോധിക്കപ്പെട്ട, അധികാരത്തിന്റെ ഉത്തുംഗതയിൽ ഏറെക്കാലം വിരാജിക്കാൻ കഴിഞ്ഞ നേതാവ്. അതേസമയം കാര്യമായ ഏതെങ്കിലും ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരാനോ, സമരം നയിക്കാനോ, സ്വന്തം പാർട്ടിക്കാരിലോ, കുടുംബാംഗങ്ങളിലോ, നാട്ടുകാരിലോ പെട്ട ആർക്കെങ്കിലും ഉണ്ടാവുന്ന പ്രയാസങ്ങളിൽ അവരെ സഹായിക്കാൻ വേണ്ടി ബുദ്ധിമുട്ടുകയോ ചെയ്യേണ്ടിവന്നിട്ടില്ലാത്തയാൾ. ആരെയെങ്കിലും എന്തെങ്കിലും കാര്യത്തിൽ സഹായിക്കാതിരിക്കുന്നത് തന്റെ ആദർശത്തിന്റെ മഹിമ കൊണ്ടാണെന്ന വാഴ്ത്തുപാട്ടുകൾ കേൾക്കാൻ കൂടി ഭാഗ്യം ചെയ്ത നേതാവ്.
സ്വന്തം ലാളിത്യത്തെ ഇത്ര സമർഥമായി വിൽപന നടത്തിയ മറ്റൊരു നേതാവും കേരള രാഷ്ട്രീയത്തിലുണ്ടാവില്ല. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽനിന്ന് അധികം ദൂരെയല്ലാത്ത കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലേക്ക് ഓട്ടോ റിക്ഷയിൽ പോവുക, വീട്ടിൽ കാണാൻ വന്ന മാധ്യമ പ്രവർത്തകർക്ക് ചായ കൊടുക്കാൻ ആവശ്യത്തിന് ഗ്ലാസ് പോലും വീട്ടിലില്ലെന്നത് പത്രത്തിൽ വാർത്തയായി തന്നെ വരിക, മുഖ്യമന്ത്രിയായിരിക്കുമ്പോൾ സെക്രട്ടറിയേറ്റിലെ കാന്റീനിൽനിന്നുള്ള ഉച്ചഭക്ഷണം കഴിക്കുക... അങ്ങനെ പലതും. ഇതെല്ലാം ഒരുവേള നല്ല ഗുണങ്ങൾ തന്നെയാണ്. എന്നാൽ ആന്റണിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ സെല്ലിംഗ് പോയന്റ് കൂടിയായിരുന്നു. തന്റെ പത്തര മാറ്റ് ആദർശ ശുദ്ധി തേച്ചുമിനുക്കി നാട്ടുകാരെയും അതിലുപരി കോൺഗ്രസിന്റെ ദൽഹി നേതൃത്വത്തെയും ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നതിനുള്ള കൗശലങ്ങൾ.
സി.പി.എമ്മും സ്വന്തം പാർട്ടിയായ കോൺഗ്രസിലെ എതിർ ഗ്രൂപ്പുകാരുമെല്ലാം ആന്റണിയുടെ പ്രതിഛായ നിർമിതിയെ പലപ്പോഴും പരിഹസിച്ചിട്ടുണ്ട്. എന്നാൽ അവരെയെല്ലാം ഇളിഭ്യരാക്കി ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനും എത്തിപ്പെടാൻ കഴിയാത്ത ഉന്നതിയിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. പാർട്ടിയിലും സർക്കാരിലും രണ്ടാമനായി. കേന്ദ്ര പ്രതിരോധ മന്ത്രിയായി.
ഇങ്ങനെ അധികാരത്തിന്റെ സുഖസൗകര്യങ്ങൾ ആവോളം അനുഭവിച്ച ആന്റണി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്, തന്റെ ഭരണ കാലത്ത് ചെയ്ത ഏതെങ്കിലും നല്ല കാര്യങ്ങളുടെ പേരിലല്ല. ഭാര്യയും മകനും അദ്ദേഹത്തിന് വരുത്തിവെച്ച അപമാനത്തിന്റെ പേരിലാണ്. അമേരിക്കയിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ, കോൺഗ്രസ് ഡിജിറ്റൽ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്ന, മകൻ അനിൽ ആന്റണി ഒരു സുപ്രഭാതത്തിൽ നേരെ പോയി ബി.ജെ.പിയിൽ ചേരുന്നു. എന്നിട്ട് തലേ ദിവസം വരെ താൻ പ്രവർത്തിച്ചുവെന്ന് പറയുന്ന കോൺഗ്രസിനെ ഭർത്സിക്കുന്നു. സ്വന്തം അച്ഛൻ കാത്തുസൂക്ഷിച്ച മതേതര മൂല്യങ്ങളെ തള്ളിപ്പറയുന്നു. ന്യൂനപക്ഷങ്ങളെ ആക്ഷേപിക്കുന്നു. ആകാവുന്നത്ര ഉച്ചത്തിൽ മോഡി സ്തുതിഗീതം പാടുന്നു.
മകന്റെ ഈ രാഷ്ട്രീയ കരണം മറിച്ചിൽ ദൈവികമായ ഉൾവിളിയാണെന്നാണ് ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ വെളിപ്പെടുത്തൽ. കൃപാസനം എന്ന പ്രാർഥന കേന്ദ്രത്തിലെ സവിശേഷമായ പ്രാർഥനക്കു ശേഷം ദൈവത്തിന്റെ ഇംഗിത പ്രകാരം താൻ തന്നെയാണത്രേ മകനോട് ബി.ജെ.പിയിൽ ചേരാൻ ആവശ്യപ്പെട്ടതെന്ന് എലിസബത്ത് പറയുന്നു. മാത്രമല്ല, സവിശേഷ പ്രാർഥന കഴിഞ്ഞപ്പോൾ തനിക്ക് ബി.ജെ.പിയോടുള്ള എതിർപ്പും വിദ്വേഷവും ഇല്ലാതായെന്നും കൂടി അവർ പറഞ്ഞു.
താൻ ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ചിരുന്ന രാഷ്ട്രീയ മൂല്യങ്ങളെയും നിലപാടുകളെയും ഭാര്യയും മകനും പരസ്യമായി തള്ളിപ്പറയുമ്പോഴും നിസ്സഹായനാണ് എ.കെ. ആന്റണി. അടിയുറച്ച മതേതര വാദിയായ ആന്റണി ഒരിക്കലും ഈശ്വര വിശ്വാസിയായിരുന്നില്ല. അതുപോലെ കോൺഗ്രസിന്റെ സൗമ്യവും സൗഹൃദപരവുമായ ഉൾക്കൊള്ളൽ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുക എന്നത് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. എന്നിട്ടും മകന്റെ മറുകണ്ടം ചാട്ടത്തെ കുറിച്ച് ആ ദിവസം മാധ്യമങ്ങളോട് പറഞ്ഞ ഏതാനും വാചകങ്ങളൊഴിച്ചാൽ അദ്ദേഹം ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഭാര്യയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അദ്ദേഹം ഇതുവരെ ഒന്നും മിണ്ടിയിട്ടുമില്ല.
മകൻ ബി.ജെ.പിയിലേക്ക് പോയപ്പോൾ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ ഒരു കാര്യം താൻ വീട്ടിൽ രാഷ്ട്രീയം സംസാരിക്കാറില്ല എന്നായിരുന്നു. ബി.ജെ.പിയിൽ ചേർന്ന മകൻ അതിനു ശേഷം രണ്ടു തവണ തിരുവനന്തപുരത്തെ വീട്ടിൽ വന്നിരുന്നുവെന്നും ആന്റണി ക്ഷുഭിതനാവുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വീട്ടിൽ രാഷ്ട്രീയം പറയാത്തതുകൊണ്ട് പ്രശ്‌നമൊന്നുമുണ്ടായില്ലെന്നുമാണ് എലിസബത്ത് പറയുന്നത്. മാത്രമല്ല, അങ്ങനെ വീട്ടിൽ പ്രശ്‌നമൊന്നുമുണ്ടാകാതിരുന്നത് പോലും കൃപാസനം പ്രാർഥനയുടെ ഫലമാണെന്നും അവർ പറയുന്നു.
സാധാരണ ജനങ്ങൾക്കും നല്ലൊരു ശതമാനം കോൺഗ്രസുകാർക്കും ഇതൊക്കെ കാണുമ്പോൾ ഒരു തരം അറപ്പും പരിഹാസവുമാണ് തോന്നുന്നത്. വീട്ടിൽ രാഷ്ട്രീയം പറയാത്ത ഇയാൾ പിന്നെന്തിനാണ് നാട്ടിലിറങ്ങി രാഷ്ട്രീയം പറയുന്നതെന്ന അവരുടെ ചോദ്യം തികച്ചും ന്യായം. നന്നേ ചെറുപ്പത്തിൽ തന്നെ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച ആന്റണി, താൻ എന്തിനൊക്കെ വേണ്ടി നിലകൊള്ളുന്നു എന്ന് സ്വന്തം ഭാര്യയെയും മകനെയും പോലും ബോധ്യപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?
എന്നാൽ ആന്റണി ഇക്കാലമത്രയും നടത്തിവന്ന രാഷ്ട്രീയ കൗശലങ്ങളുടെ ഏറ്റവും അവസാന അധ്യായം മാത്രമാണിതെന്നാണ് കോൺഗ്രസിനുള്ളിലും പുറത്തുമുള്ള അദ്ദേഹത്തിന്റെ എതിരാളികൾ വിശ്വസിക്കുന്നത്. കോൺഗ്രസിന് സമീപ കാലത്തൊന്നും അധികാരത്തിൽ തിരിച്ചെത്താനാവില്ലെന്ന നിഗമനത്തിൽ അനിലിന് ബി.ജെ.പിയിലേക്ക് പോകാൻ മൗനസമ്മതം നൽകിയത് ആന്റണി തന്നെയാണെന്ന് കരുതുന്നവരുമുണ്ട്. യു.പി.എ കേന്ദ്ര ഭരണത്തിൽനിന്ന് പുറത്തായപ്പോഴും രാജ്യസഭാംഗമെന്ന നിലയിൽ ദൽഹിയിൽ തന്നെയായിരുന്നു ആന്റണി. കാലാവധി അവസാനിക്കുകയും 82 വയസ്സായ തനിക്ക് ഇനി ഒരു പദവിയും കിട്ടില്ലെന്ന് ഉറപ്പാവുകയും ചെയ്തപ്പോഴാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറുന്നത്. അമേരിക്കയിൽ നല്ല ജോലിയൊക്കെ ഉണ്ടായിരുന്നെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇറങ്ങി അച്ഛനെ പോലെ ഉന്നതങ്ങളിൽ എത്തണമെന്ന മോഹമുണ്ടായിരുന്ന അനിൽ ആന്റണിക്ക് വിലങ്ങുതടിയായത് അച്ഛനെ തടവിലാക്കിയ അദ്ദേഹത്തിന്റെ തന്നെ ആദർശ പരിവേഷമാണ്. ഇന്ദിരാഗാന്ധിയുടെ വരവിനെ പോലും ഒരു കാലത്ത് കുടുംബവാഴ്ചയുടെ പേരിൽ എതിർത്തിരുന്ന ആന്റണിക്ക് ഒരിക്കലും സ്വന്തം മകനെ രാഷ്ട്രീയത്തിൽ കൈപിടിച്ചുയർത്താനാവുമായിരുന്നില്ല. പിറന്നു വീണ അന്ന് മുതൽ അധികാരത്തിന്റെ സുഖം അനുഭവിച്ചു വളർന്ന മകൻ പിന്നെന്തുചെയ്യാൻ? തന്തയെ തള്ളിപ്പറഞ്ഞ് അയാൾ അധികാരത്തിന്റെ മരുപ്പച്ച തേടിപ്പോയി. പുതിയ യജമാനന്മാരെ തൃപ്തിപ്പെടുത്താൻ ആകാവുന്നത്ര ശക്തിയിൽ വിഷം തുപ്പുന്ന തിരക്കിലാണിപ്പോൾ.
ഒരു നല്ല രാഷ്ട്രീയക്കാരനെന്ന നിലയിലും പിതാവെന്ന നിലയിലും ആന്റണി വലിയ പരാജയമാണെന്നതിന് തെളിവാണ് അനിൽ ആന്റണി. ഇക്കാര്യത്തിൽ തന്റെ ഉറ്റ സുഹൃത്തും സന്തത സഹചാരിയുമായിരുന്ന ഉമ്മൻ ചാണ്ടി അദ്ദേഹത്തിന് വലിയൊരു പാഠപുസ്തകമാണ്.
തന്റെ ജീവിതം ഏതാണ്ട് പൂർണമായും ജനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹം വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ചെലവിട്ടത് അത്യപൂർവമായി മാത്രം. എന്നിട്ടും തന്റെ രാഷ്ട്രീയം എന്തെന്ന് അദ്ദേഹം ഭാര്യയെയും മക്കളെയും പഠിപ്പിച്ചു. ആ രാഷ്ട്രീയം അദ്ദേഹത്തിന്റെ മരണശേഷവും അവർ ഉയർത്തിപ്പിടിക്കുന്നു, പ്രത്യേകിച്ചും ഇളയ മകൾ അച്ചു ഉമ്മൻ. തന്റെ സിരകളിൽ കൂടി ഒഴുകുന്നത് ചോരയല്ല, കോൺഗ്രസാണെന്ന് തോന്നിക്കുന്നതായിരുന്നു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വേളയിൽ അച്ചുവിന്റെ ചില പ്രതികരണങ്ങൾ.
ഒരു സാധാരണ പാർട്ടി പ്രവർത്തകൻ പോലും തന്റെ രാഷ്ട്രീയം എപ്പോഴെങ്കിലും മക്കളുമായി പങ്കുവെക്കും. അവർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കും. സജീവമായ ജനാധിപത്യത്തിന് ഇത്തരത്തിലുള്ള തുടർച്ച ആവശ്യമാണ്. മക്കളെ അധികാര രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നില്ലെങ്കിലും അവർക്ക് തന്റെ രാഷ്ട്രീയ അവബോധം നൽകണം. പ്രത്യേകിച്ചും സജീവ രാഷ്ട്രീയത്തിൽ നിൽക്കുന്നവർ. അല്ലെങ്കിൽ അനിൽ ആന്റണിയെ പോലുള്ള ദുരന്തങ്ങൾ സംഭവിക്കും. അതെ, വീട്ടിൽ രാഷ്ട്രീയം പറയേണ്ട എന്നതാവും എ.കെ. ആന്റണിയുടെ ജീവിതത്തിലെ ഏറ്റവും തെറ്റായ രാഷ്ട്രീയ തീരുമാനം.