ഇടപ്പള്ളിയിലും വൈറ്റിലയിലും മെട്രോയ്ക്ക് മുകളിലൂടെ ആകാശപ്പാത വരുന്നു
കൊച്ചി- ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തില്‍ രണ്ടിടത്ത് ആകാശപാത വരുന്നു. നിലവില്‍ ദേശീയ പാതയും ഓവര്‍ബ്രിഡ്ജും മെട്രോ റെയിലും കടന്നുപോകുന്ന ഇടപ്പള്ളി ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകളിലാണ് ആകാശപാതയും കടന്നുപോകുന്നത്. ഇവിടങ്ങളില്‍ 20 മീറ്ററെങ്കിലും ഉയരത്തിലായിരിക്കും ആകാശ പാത.
കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടപ്പള്ളിയില്‍ ആകാശപാത മികച്ച പരിഹാരമായിരിക്കുമെന്ന് ഹൈബി ഈഡന്‍ എം. പി അഭിപ്രായപ്പെട്ടിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റി വിശദ പഠനം തുടങ്ങിയിട്ടുണ്ട്.
ഇടപ്പള്ളി മുതല്‍ എറണാകുളം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ അരൂര്‍ വരെ നിലവിലുള്ള ദേശീയപാതയ്ക്ക് മുകളിലൂടെ ആകാശപാത ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇതിലേക്കാണ് ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകളില്‍ കൂടുതല്‍ ഉയരത്തില്‍ പാത വിഭാവനം ചെയ്യുന്നത്.
ഇടപ്പള്ളി മുതല്‍ ചേര്‍ത്തല വരെ നിലവില്‍ നാലുവരിപ്പാതയുണ്ട്. പക്ഷേ, ഈ ഭാഗങ്ങളില്‍ കടുത്ത ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നത് പതിവാണ്. ഈ ഭാഗത്ത് റോഡിനിരുവശവുമായി കെട്ടിടങ്ങള്‍ നിറയെ ഉള്ളതിനാല്‍ ഭൂമി ഏറ്റെടുത്തുള്ള വികസനത്തിന് ദേശീയ പാതാ അതോറിറ്റിക്ക് താത്പര്യമില്ല.
അരൂര്‍ മുതല്‍ ചേര്‍ത്തല വരെ ആകാശപ്പാതയ്ക്ക് തൂണുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് അരൂര്‍ മുതല്‍ ഇടപ്പള്ളി വരെ ആകാശപ്പാത നീട്ടുന്നത്.
ജംഗ്ഷനുകള്‍ക്ക് താഴെക്കൂടി തുരങ്കപാതയാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും നിരവധി ഭൂഗര്‍ഭ കേബിളുകളും മെട്രോ തൂണുകളും ഉള്ളതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.
ആകാശപ്പാത യാഥാര്‍ഥ്യമായാല്‍ ഇടപ്പള്ളി കുന്നുംപുറം മുതല്‍ ആലപ്പുഴ ജില്ലയിലെ തുറവൂര്‍ വരെ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് കൊച്ചി നഗരത്തിലെ തിരക്കില്ലാതെ സഞ്ചരിക്കാനാവും.