Sorry, you need to enable JavaScript to visit this website.

ലോകകപ്പ് ആതിഥേയത്വം: സൗദിക്ക് വ്യാപക പിന്തുണ

ജിദ്ദ - 2034 ഫിഫ വേള്‍ഡ്കപ്പ് ആതിഥേയത്വം നേടിയെടുക്കാന്‍ നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തിന് അറബ്, മുസ്‌ലിം രാജ്യങ്ങളുടെ വ്യാപക പിന്തുണ. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ആഗ്രഹത്തെ പൂര്‍ണമായി പിന്തുണക്കുന്നതായി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ അറിയിച്ചു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കിരീടാവകാശിയും പ്രധാമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ പ്രസ്താവനയെ ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഹുസൈന്‍ ത്വാഹ പ്രശംസിച്ചു. ലോകകപ്പിന്റെ വ്യതിരിക്തവും അഭൂതപൂര്‍വവുമായ ഒരു പതിപ്പ് അവതരിപ്പിക്കാനുള്ള എല്ലാ മാനുഷിക, ലോജിസ്റ്റിക്, പശ്ചാത്തല സൗകര്യ ശേഷികളും സൗദി അറേബ്യക്കുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സൗദി അറേബ്യ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും നാടാണ്. ലോകത്തെ ഒന്നാമത്തെ ജനപ്രിയ കായിക വിനോദമായ ലോകകപ്പ് വിവിധ സംസ്‌കാരങ്ങളും വംശങ്ങളും ഉള്‍പ്പെട്ട ലോകജനതക്ക് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സൗദി അറേബ്യ ഉപയോഗിക്കും. നിരവധി അന്താരാഷ്ട്ര ഇവന്റുകള്‍ക്കും സ്‌പോര്‍ട്‌സ് പരിപാടികള്‍ക്കും സൗദി അറേബ്യ വിജയകരമായി ആതിഥേയത്വം നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിക ലോകത്തെ യുവജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തിയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സംസ്‌കാരം പ്രചരിപ്പിക്കുന്ന ഇസ്‌ലാമിക സംയുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായും 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ നോമിനേഷനെ ഒ.ഐ.സി അംഗരാജ്യങ്ങള്‍ പിന്തുണക്കണമെന്ന് സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.
2034 ലോകകപ്പ് ആതിഥേയത്വത്തിന് നോമിനേഷന്‍ ഫയല്‍ സമര്‍പ്പിക്കാനുള്ള സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനത്തിന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ഖലീഫ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 2027 ഏഷ്യന്‍ കപ്പിന് സൗദി അറേബ്യ ആതിഥ്യം വഹിക്കും. ആദ്യമായാണ് ഏഷ്യന്‍ കപ്പ് ഫൈനലുകള്‍ സൗദി അറേബ്യയില്‍ നടക്കുന്നത്. ഏഷ്യന്‍ കപ്പിന്റെ അസാധാരണ പതിപ്പ് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഈ ആത്മവിശ്വാസം ലോകകപ്പിന്റെ അവിസ്മരണീയമായ പതിപ്പ് സംഘടിപ്പിക്കുന്നതിലും തുടരുമെന്ന് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ഖലീഫ പറഞ്ഞു.
ലോകകപ്പ് ആതിഥേയത്വം നേടിയെടുക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്റെ പൂര്‍ണ പിന്തുണ അസോസിയേഷന്‍ പ്രസിഡന്റും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് ഓഫീസ് അംഗവുമായ അബ്ദുല്ല അല്‍ശാഹീന്‍ അറിയിച്ചു. സൗദി അറേബ്യയുടെ ഉയര്‍ന്ന കായിക അഭിലാഷവും അഭിവൃദ്ധിയും ഉള്‍ക്കൊള്ളുന്ന പ്രചോദനാത്മകമായ ഒരു ചുവടുവെപ്പാണിത്. സൗദി അറേബ്യയിലെ സ്‌പോര്‍ട്‌സ് അര്‍ഹിക്കുന്ന, ചരിത്രപരമായ നോമിനേഷന്‍ ദൗത്യം പൂര്‍ത്തിയാക്കുന്നതു വരെ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുള്ള നിര്‍ലോഭ പിന്തുണ പ്രഖ്യാപിക്കുന്നതില്‍ കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ അഭിമാനിക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലും പിന്തുണയിലും സൗദിയില്‍ സ്‌പോര്‍ട്‌സ് മേഖല അഭൂതപൂര്‍വമായ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും അബ്ദുല്ല അല്‍ശാഹീന്‍ പറഞ്ഞു.
ലോകകപ്പ് ആതിഥേയത്വത്തിന് നോമിനേഷന്‍ നല്‍കാനുള്ള സൗദി അറേബ്യയുടെ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ സൗദി അറേബ്യയുടെ ശ്രമങ്ങള്‍ വിജയിക്കുമെന്നാണ് ഖത്തര്‍ പ്രത്യാശിക്കുന്നതെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വ്യത്യസ്ത മേഖലകളില്‍ സൗദി അറേബ്യക്ക് ഉയര്‍ന്ന ശേഷികളുണ്ട്. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം സംഘടിപ്പിക്കാന്‍ സൗദി അറേബ്യക്ക് പൂര്‍ണ യോഗ്യതയുണ്ടെന്നും ഖത്തര്‍ വിദേശ മന്ത്രാലയം പറഞ്ഞു.
ലോകകപ്പ് ആതിഥേയത്വ ചുമതല നേടിയെടുക്കാനുള്ള ശ്രമത്തില്‍ സൗദി അറേബ്യയെ അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്തുണക്കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി പറഞ്ഞു. ആതിഥേയത്വവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യകതകളും നിറവേറ്റാന്‍ സൗദി നോമിനേഷന്‍ ഫയലിന് സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇക്കാര്യത്തില്‍ സൗദി അറേബ്യക്കൊപ്പം ഞങ്ങള്‍ നില്‍ക്കുകയും അവരെ പിന്തുണക്കുകയും ചെയ്യുമെന്ന് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി പറഞ്ഞു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ആഗ്രഹത്തെ സ്വാഗതം ചെയ്യുകയും ഇക്കാര്യത്തിലുള്ള ശ്രമങ്ങളില്‍ സൗദി അറേബ്യയെ പൂര്‍ണമായും പിന്തുണക്കുന്നതായും ഒമാന്‍, ബഹ്‌റൈന്‍ വിദേശ മന്ത്രാലയങ്ങളും പറഞ്ഞു.
2034 ലോകകപ്പ് ആതിഥേയത്വം നേടിയെടുക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും സ്വാഗതം ചെയ്തു. ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ഉയര്‍ന്ന ശേഷികളാണ് ഇത് വ്യക്തമാക്കുന്നതെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു. ഒമാന്‍, ഇറാഖ്, യെമന്‍, ഫലസ്തീന്‍, ജോര്‍ദാന്‍, സുഡാന്‍, ലെബനോന്‍, സിറിയ, മൗറിത്താനിയ, ബംഗ്ലാദേശ്, മാല്‍ഡീവ്‌സ്, കെനിയ, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇതിനകം സൗദി അറേബ്യക്കുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്.

 

 

Latest News