Sorry, you need to enable JavaScript to visit this website.

ഗസൽ ഈരടികളുടെ  മാസ്മരിക നാദം നിലച്ചു

കൊച്ചി ജനറൽ ആശുപത്രിയിൽ 2015 ഫെബ്രുവരിയിൽ രോഗികൾക്ക് സാന്ത്വനമായി ഉമ്പായി ഗസൽ കച്ചേരി നടത്തിയപ്പോൾ.  (ഫയൽ)


കൗമാരകലയുടെ മേളയായ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ തുടർച്ചയായി കിരീടം ചൂടുന്ന ജില്ലയാണ് കോഴിക്കോട്. കാൽ പന്തുകളിയിലെ താൽപര്യം പോലെ സംഗീതവും കലയും രക്തത്തിൽ അലിഞ്ഞു ചേർന്നവരാണ് സാമൂതിരിയുടെ നാട്ടുകാർ. മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങൾക്ക് ഈണം പകർന്ന എം.എസ് ബാബുരാജിന്റെ പേരിൽ ഒരു വീഥിയുണ്ട് നഗരത്തിൽ. മട്ടാഞ്ചേരിയിൽ ജനിച്ച് ഗസലുകളെ ജനകീയവൽക്കരിച്ച മാന്ത്രിക ഗായകൻ ഉമ്പായിക്ക്  ഏറ്റവും കൂടുതൽ ഫാൻസുള്ളതും കോഴിക്കോട്ടായിരിക്കും. കോഴിക്കോട് പാളയത്തെ കമ്മത്ത് ലൈനിൽ കഴിഞ്ഞ നൂറ്റാണ്ടിലെ എൺപതുകളുടെ പാതിയിൽ ആരംഭിച്ച ഹോട്ടലിന്റെ ആകർഷകത്വം വാരാന്ത്യത്തിലെ ഗസൽ കച്ചേരികളായിരുന്നു. ജഗജിത് സിംഗിന്റേയും പങ്കജ് ഉദാസിന്റേയും ഗസലുകളില്ലാതെ എന്ത് മലബാർ മഹോത്സവം? കഴിഞ്ഞ വർഷം കോഴിക്കോട് ഭട്ട് റോഡിൽ ജില്ലാ ടൂറിസം ഫെസ്റ്റിവലിന് തിരശ്ശീല വീഴുന്നതിന് മുമ്പ് ഉമ്പായിയുടെ ഗസലുകളാണ് ആസ്വാദകർക്ക് അനുഭൂതി പകർന്നത്.  
കോഴിക്കോട്ടുകാരും കൊച്ചിക്കാരുമായ ഗസൽ പ്രേമികൾക്ക് സൈഗാളും മെഹ്ദി ഹസനും ഗുലാം അലിയുമൊക്കെയായിരുന്നു ഗസലെന്നാൽ. അവർക്കിടയിലേക്കാണ് മലയാളത്തിൽ ഗസലുമായി പിഎ ഇബ്രാഹിം എന്ന ഉമ്പായിയുടെ വരവ്. ഫോർട്ട് കൊച്ചിക്കാരുടെ മലയാളം ഗസലുകൾ വിജയിക്കില്ലെന്ന് പറഞ്ഞവരുണ്ടായിരുന്നു. മലയാളികളുടെ പതിവ് കേൾവികളിൽ പാടുക സൈഗാൾ പാടുവും സുനയനേ സുമുഖിയും വീണ്ടും പാടാം സഖീയുമെല്ലാം പെട്ടെന്നാണ് ഇടം നേടിയത്. 
ഉമ്പായിയുടെ ഒരു കാലത്തെ ജീവിതം ഗസൽ പോലെ അത്ര സുന്ദരമായിരുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബമായിരുന്നു ഉമ്പായിയുടേത്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തബലിസ്റ്റ് ആവണം എന്നായിരുന്നു മോഹം. ഒരു അഭിമുഖത്തിൽ ഉമ്പായി തന്നെ പറഞ്ഞിട്ടുണ്ട് അക്കാര്യം. അന്ന് വീട്ടിൽ സ്വന്തമായി ഒരു റേഡിയോ പോലും ഇല്ലായിരുന്നു. 
ഉമ്പായി ജനിച്ചു വളർന്ന കാലഘട്ടത്തിൽ ഇഷ്ടം പോലെ പാട്ട് കേൾക്കാൻ സിലോൺ റേഡിയോയും സിനിമാ ശാലകളിൽ പ്രദർശനം തുടങ്ങുന്നതിന് മുമ്പ് മൈക്കിലൂടെയുള്ള ഗാനങ്ങളുമായിരുന്നു ആശ്രയം. അക്കാലത്ത് സ്‌കൂൾ വിട്ടാലുടനെ മട്ടാഞ്ചേരി സ്റ്റാർ തിയറ്ററിന് മുന്നിലേക്ക് പാട്ട് കേൾക്കാൻ ഓടുമായിരുന്നു. തിയറ്ററിൽ ഏറ്റവും പുതിയ ഹിന്ദി സിനിമാപ്പാട്ടുകൾ വെയ്ക്കുമായിരുന്നു. പരീക്കുട്ടി ഇക്കയുടെ ചായക്കടയിലും ബാവക്കയുടെ ബാർബർ ഷോപ്പിലും പോയി റേഡിയോയിലെ പാട്ടും കേൾക്കുമായിരുന്നുവെന്ന് ഉമ്പായി പറഞ്ഞിട്ടുണ്ട്. 
തബല മോഹം ഉമ്പായിയെ എത്തിച്ചത് എച്ച് മെഹ്ബൂബിന്റെ അടുത്താണ്. കുറച്ച് കാലം മെഹ്ബൂബിന്റെ തബലിസ്റ്റായി പ്രവർത്തിച്ചു. പിന്നീട് കൂടുതൽ പഠിക്കണം എന്ന ആഗ്രഹത്തോടെ മുംബൈയ്ക്ക് ട്രെയിൻ കയറി. അവിടെ ഉസ്താദ് മുജാവർ അലിയുടെ കീഴിൽ തബല പഠനം. അവിടെ വെച്ചാണ് ഉമ്പായിയുടെ പാടാനുള്ള കഴിവ് തിരിച്ചറിയപ്പെട്ടത്. ഗസലിന് ചേരുന്ന ശബ്ദമാണ് ഉമ്പായിയുടേതെന്ന് മനസ്സിലാക്കിയ ഉസ്താദാണ് ഗസലിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടത്. മുംബൈയിലായിരുന്നപ്പോൾ അധോലോക സംഘത്തിൽ വരെ അംഗമായിരുന്നതായി ഉമ്പായി ജീവിതകഥയിൽ പറഞ്ഞിട്ടുണ്ട്. എ.സിയും ഡി.സിയും എന്തെന്നറിയാതെ മുംബൈയിൽ അദ്ദേഹം ഇലക്ട്രീഷ്യനായും ജോലി ചെയ്തു. 
കേരളത്തിൽ മടങ്ങിയെത്തി ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ തന്നെ ആദ്യ ഗസൽ സംഗീത ട്രൂപ്പായിരുന്നു അത്.  മലയാളത്തിൽ എന്തുകൊണ്ട് ഗസൽ ഗാനങ്ങളായിക്കൂട എന്ന ചോദ്യത്തോടെയാണ് ഉമ്പായി കേരളത്തിലേക്ക് മടങ്ങി വന്നത്. എന്നാൽ ആ ആലോചനയ്ക്ക് ആരുടേയും പിന്തുണ കിട്ടിയില്ല. പ്രമുഖ കവികളൊക്കെ ആവശ്യം നിരസിച്ചു. ആദ്യമൊക്കെ മലയാളം ഗസലിനോട് മലയാളി അകന്ന് നിന്നുവെങ്കിലും പതുക്കെ പതുക്കെ ആ ഈണങ്ങൾ കേരളം ഏറ്റുപാടി. ക്രമേണ ഉമ്പായിയുടെ ഗസൽ മഴയിൽ മലയാളികൾ അലിയാൻ തുടങ്ങി. പിന്നീട് രാത്രികാലങ്ങളിൽ കൊച്ചിയിലെ ഹോട്ടലുകളിൽ ഉമ്പായി പെയ്യിച്ച ഗസൽ മഴ അനുഭവിക്കാൻ നിരവധി പേർ എത്തി. 
രാത്രിയിൽ ഗസലുമായി മലയാളികളെ കൈയിലെടുത്ത അദ്ദേഹം പകൽ സമയങ്ങളിൽ മറ്റു പല ജോലികളും ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടു പോയത്. ജീവിക്കാൻ വേണ്ടി പല ജോലികളും ഒരുകാലത്ത് ചെയ്തിട്ടുണ്ട് ഉമ്പായി. മീൻ വിൽപ്പനയും തോണിക്കാരനായും അങ്ങനെ പല പല തൊഴിലുകൾ. രാത്രികാലത്ത് കൊച്ചിയിലെ ഹോട്ടലുകളിൽ പാടാൻ പോകും. പകൽ പല വിധ ജോലികൾ ചെയ്യും. 
ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഗസലുകൾ അവതരിപ്പിച്ച ഉമ്പായി സൗദി അറേബ്യയിലും പരിപാടി അവതരിപ്പിക്കാനെത്തിയിട്ടുണ്ട്. ഗസൽ സംഗീതത്തെ ജനകീയവും ജനപ്രിയവുമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ഒരാളായിരുന്നു ഉമ്പായി. തനിക്ക് മക്കൾ മൂന്നല്ല, നാലാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. മക്കളിൽ നാലാമത്തെയാളായി ഉമ്പായി  കണ്ടിരുന്നത് ഗസലിനെയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം സംഗീത ലോകത്ത് നിറഞ്ഞുനിന്ന അദ്ദേഹം ഇരുപതോളം ഗസൽ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 1988ലാണ് ആദ്യ ഗസൽ ആൽബം പുറത്തിറക്കിയത്. പ്രണാമം എന്ന പേരിൽ പുറത്തിറക്കിയ ആദ്യത്തെ മലയാള ഗസൽ ആൽബം ഉമ്പായിയുടെ ജീവിതത്തിലെ വഴിത്തിരിവായി. ഗസൽ ഹിറ്റായതോടെ ഉമ്പായിയെ തേടി ആരാധകർ എത്തി. ഒ.എൻ.വി, സച്ചിദാനന്ദൻ, യൂസഫലി കേച്ചേരി, വേണു വി. ദേശം തുടങ്ങിയവരുടെ വരികൾ ഉമ്പായി ഗസലുകളാക്കി മാറ്റിയപ്പോൾ പുതിയ  അനുഭവമായി. 
ഉമ്പായിയെ ആദ്യമായി റെക്കാഡിംഗ് സ്റ്റുഡിയോയിലേക്ക് കൈപിടിച്ചു കയറ്റിയത് മെഗാതാരം മമ്മൂട്ടിയായിരുന്നു. 1980കളുടെ അവസാനത്തിൽ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് മമ്മൂട്ടി ഉമ്പായിയെ കൈ പിടിച്ചു കയറ്റിയത്. അകാലത്തിൽ പൊലിഞ്ഞ സംവിധായകൻ ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിൽ കിസ് ഷാൻ സേ എന്ന ഗാനം ഉമ്പായി പാടുകയുണ്ടായി. ഈ സിനിമയുടെ ടൈറ്റിലിലാണ് ഉമ്പായി എന്ന പേര് ആദ്യമായി പ്രയോഗിച്ചു കണ്ടത്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ നോവൽ എന്ന ചിത്രത്തിൽ  ഉമ്പായി സംഗീതം പകർന്നു.  ഒരു കാലത്ത് കടുത്ത മദ്യപാനത്തിനും അടിമയായിരുന്നു ഈ അനുഗൃഹീത ഗായകൻ. മകൾ ശൈലജയുടെ ഒരു ചോദ്യമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ഉമ്പായി തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ബാപ്പ മദ്യലഹരിയിൽ സ്‌കൂളിന് മുന്നിലൂടെ പോകുന്നത് സഹപാഠികൾ കണ്ട് മകളെ കളിയാക്കി. ഇതേക്കുറിച്ചുള്ള ചോദ്യമാണ് ജീവിതം തിരിച്ച് പിടിക്കാൻ ഉമ്പായിയെ സഹായിച്ചത്. 
ആകാശവാണിയും ദൂരദർശനും മാത്രമുണ്ടായിരുന്ന കാലമായിരുന്നുവെങ്കിൽ ഒരു വേള ഇത്ര തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഉമ്പായിയേയും മലയാള ഗസലുകളേയും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ മലയാളത്തിലെ സ്വകാര്യ ടെലിവിഷൻ നിലയങ്ങളും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. 

 


 

Latest News