Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവ് ജയിലിലാണെങ്കിലും തനിക്ക് ഒരു കുട്ടി വേണമെന്ന് ഭാര്യ, ഉടന്‍ പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി

കൊച്ചി - ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതിയില്‍ തനിക്ക് കുട്ടി വേണമെന്ന ഭാര്യയുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ച് കേരള ഹൈക്കോടതി. ഭര്‍ത്താവിന് ഐ വി എഫ് ചികിത്സയ്ക്കായി പരോള്‍ അനുവദിച്ച് കോടതി ഉത്തരവിട്ടു. ജയില്‍ ഡി ജി പിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പ്രതിയുടെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ ഒരു കുട്ടി വേണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ നടപടിക്രമത്തിലൂടെ ഒരു കുട്ടി ജനിക്കുന്നതിന് ആയി ചികിത്സാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവില്‍ കഴിയുന്ന ഭര്‍ത്താവിന് പരോള്‍ നല്‍കണം എന്നാണ് പ്രതിയുടെ ഭാര്യ ആവശ്യപ്പെട്ടത്. ഇത്തരം അപേക്ഷകള്‍ക്ക് നേരെ സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞുകൊണ്ട് കോടതിക്ക് കണ്ണടക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി വി കൃഷ്ണന്‍ പ്രതിയ്ക്ക് പരോളിന് അനുമതി നല്‍കിയത്.ഒരു കുട്ടി ഉണ്ടാവുക എന്നത് സ്വപ്നമായിരുന്നുവെന്നും വിവിധ ചികിത്സ തേടിയിരുന്നെങ്കിലും ഇതുവരെ ഒന്നും ഫലവത്തായില്ലെന്നുമാണ് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചത്. മൂന്ന് മാസത്തേക്ക് ഭര്‍ത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്ന് കാണിച്ച് ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്നുള്ള കത്തും ഹാജരാക്കി. തന്റെ ഭര്‍ത്താവിന് മൂന്ന് മാസത്തേക്ക് പരോള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പര്തിയുടെ ഭാര്യ ആദ്യം സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന കുറ്റവാളിയെ സമൂഹത്തിന്റെ ഭാഗമാക്കാനാണ് ഭരണകൂടവും സമൂഹവും ആഗ്രഹിക്കേണ്ടത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ പുറത്തിറങ്ങുമ്പോള്‍ അകറ്റി നിര്‍ത്തപ്പെടരുത്. മറ്റേതൊരു പൗരനേയും പോലെ മാന്യമായ ജീവിതം നയിക്കാന്‍ എല്ലാ അവകാശവും ഇയാള്‍ക്കുണ്ടെന്നും കോടതി പറഞ്ഞു.

 

Latest News