കൊച്ചി- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്തുവിവരങ്ങള്‍ കൈമാറാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. ആദായനികുതി രേഖകള്‍, സ്വയം ആര്‍ജിച്ച സ്വത്തുക്കളുടെ രേഖകള്‍, കുടുംബാംഗങ്ങളുടെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ കൈമാറാനാണ് ഇഡി നിര്‍ദേശം.
മുന്‍പ് രണ്ടുതവണ നിര്‍ദേശം നല്‍കിയെങ്കിലും സ്വത്തുവിവരങ്ങള്‍ നല്‍കിയിരുന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ഇഡി നല്‍കുന്ന സൂചന. കരുവന്നൂര്‍ സഹകരണബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എം കെ കണ്ണനെ ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ വായ്പാതട്ടിപ്പ് നടത്തിയ പി സതീഷ്‌കുമാര്‍ തൃശൂര്‍ സഹകരണബാങ്കില്‍ നിക്ഷേപം നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. തൃശൂര്‍ ബാങ്കില്‍ ഇ ഡി നടത്തിയ റെയ്ഡില്‍ രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുന്‍ എം എല്‍ എ കൂടിയായ കണ്ണനെ ചോദ്യംചെയ്തത്. അതേസമയം, അറസ്റ്റിലായ പി സതീഷ്‌കുമാറുമായി പത്ത് വര്‍ഷമായി സൗഹൃദമുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നുമാണ് ഇ ഡി ചോദ്യം ചെയ്യലിനുശേഷം എം കെ കണ്ണന്‍ പ്രതികരിച്ചത്. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.