Sorry, you need to enable JavaScript to visit this website.

ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുംതോറും കൂടുതൽ ശക്തമാകുന്ന പ്രതിഭാസമാണ് ഗാന്ധിജി -ഒ.ഐ.സി.സി

ഒ.ഐ.സി.സി സൗദി വെസ്‌റ്റേൺ റീജ്യണൽ കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ജിദ്ദയിൽ സംഘടിപ്പിച്ച ചടങ്ങിൽ പാപ്പറ്റ കുഞ്ഞിമുഹമ്മദ് സംസാരിക്കുന്നു.

ജിദ്ദ- ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുംതോറും കൂടുതൽ ശക്തമാകുന്ന പ്രതിഭാസമായി ഗാന്ധിജി മാറുകയാണെന്നും, അതിൽ ഇപ്പോഴും വിറളി പൂണ്ടു കഴിയുകയാണ് അവരുടെ ഘാതകരുടെ പിന്മുറക്കാരെന്നും ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി സൗദി വെസ്‌റ്റേൺ റീജ്യണൽ കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
ഗാന്ധിജിയുടെ മഹത് വചനങ്ങളെ പോലും സ്വന്തമാക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾ അപലനീയമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഐ.സി.സി സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായ പാപ്പറ്റ കുഞ്ഞിമുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗാന്ധിയുടെ ആശയങ്ങളെയും അഹിംസാ വാദങ്ങളെയും അംഗീകരിക്കാതെ അദ്ദേഹത്തിന്റെ മഹത് വചനങ്ങളുടെ കീഴിൽ ഗാന്ധിയേക്കാളും വലിയ ഫോട്ടോകൾ വെച്ച് സ്വയം മഹത്വവത്കരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിഞ്ഞ് ചവറ്റുകൊട്ടയിൽ തള്ളുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഗാന്ധി ജയന്തി ദിനത്തിൽ നാം ശുചിത്വ വാരാഘോഷം നടത്തുമ്പോൾ കുട്ടികളായിരുന്നവർക്കു ഗാന്ധിയെ കുറിച്ച് വലിയ ധാരണയുടെ ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ തലമുറയിലേക്കു ഗാന്ധിസത്തിന്റെ യഥാർഥ ചിന്താധാരയെ എത്തിക്കേണ്ടത് അനിവാര്യമാണെന്നും അധ്യക്ഷത വഹിച്ചു കൊണ്ട് മുനീർ പറഞ്ഞു. ചെമ്പൻ അബ്ബാസ്, നൗഷാദ് അടൂർ, മുജീബ് മുത്തേടത്ത്, മനോജ് മാത്യു അടൂർ, മുജീബ് തൃത്താല, അസ്ഹാബ് വർക്കല, അനിൽകുമാർ പത്തനംതിട്ട, ഹരികുമാർ ആലപ്പുഴ, സഹീർ മാഞ്ഞാലി, ശരീഫ് അറക്കൽ, ഹക്കീം പാറക്കൽ, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, റഫീഖ് മൂസ ഇരിക്കൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ഗ്ലോബൽ കമ്മിറ്റി അംഗവും ഹെൽപ് ഡെസ്‌ക് കൺവീനറുമായ അലി തേക്കുതോട് നന്ദിയും പറഞ്ഞു.

Latest News