ന്യൂഡൽഹി - ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ പാർലമെന്റംഗത്വത്തിൽ നിന്ന് വീണ്ടും അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവ്. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുന്നത്.
വധശ്രമക്കേസിൽ കവരത്തി കോടതി പത്തുവർഷത്തെ ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്. പിന്നീട് എം.പി സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാവിധിക്ക് സ്റ്റേ നേടിയതോടെ എംപി സ്ഥാനം പുനഃസ്ഥാപിക്കുകയായിരുന്നു. പിന്നീട് കേസ് വീണ്ടും ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ കോടതി തയ്യാറാകാതെ വന്നതോടെയാണ് ലോക്‌സഭാ സെക്രട്ടേറിയേറ്റ് വീണ്ടും അയോഗ്യനാക്കിയത്.
വധശ്രമക്കേസിലെ എം.പിയുടെ ശിക്ഷാ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി കുറ്റം തെളിയിക്കപ്പെട്ട സാഹചര്യത്തിൽ ശിക്ഷാവിധി സ്റ്റേ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുഹമ്മദ് ഫൈസൽ അടക്കം നാല് പേരെയാണ് വധശ്രമക്കേസിൽ കവരത്തി കോടതി പത്തുവർഷം തടവിന് ശിക്ഷിച്ചത്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് ഒരു കേസിൽ രണ്ടു വർഷത്തിനു മുകളിൽ ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാൽ അയാൾ അയോഗ്യനാക്കപ്പെടുമെന്നതാണ് ചട്ടം. കേസിൽ മുഹമ്മദ് ഫൈസൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം. 2009-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സാലിഹിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ ശിക്ഷിക്കപ്പെട്ടത്.