അബുദാബി- അടുത്ത വര്‍ഷം ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തീയതികള്‍ യുഎഇ അധികൃതര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 21 വരെ രജിസ്‌ട്രേഷന്‍ നടക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് (ഔഖാഫ്) അറിയിച്ചു.
ഹജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഔഖാഫ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാം, പരിമിതമായ ക്വാട്ടയായതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് അവസരം.
അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷനായ AWQAFUAE വഴി രജിസ്‌ട്രേഷന്‍ സ്വീകരിക്കും.
യുഎഇ ഗവണ്‍മെന്റ് സാധാരണയായി സ്വദേശികള്‍ക്ക് മാത്രമാണ് ഹജ് പെര്‍മിറ്റ് നല്‍കുന്നത്. പ്രവാസികള്‍ അവരുടെ രാജ്യങ്ങളിലെ ക്വാട്ടയിലൂടെയും നടപടിക്രമങ്ങളിലൂടെയുമാണ് ഹജ് നിര്‍വഹിക്കേണ്ടത്.
ജൂണ്‍ പകുതിയോടെയാണ് അടുത്ത വര്‍ഷത്തെ ഹജ്. ഈ വര്‍ഷം 18 ലക്ഷത്തിലേറെ പേരാണ് ഹജ് നിര്‍വഹിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കൂടിയ സംഖ്യയാണിത്.