Sorry, you need to enable JavaScript to visit this website.

തിമിംഗലം കരയ്ക്കടിയുന്നതിന്റെ കാരണം തേടി സമുദ്രദൗത്യവുമായി സിഎംഎഫ്ആർഐ

കടൽസസ്തനികളെക്കുറിച്ചറിയാനുള്ള സമുദ്രഗവേഷണ ദൗത്യത്തിലേർപ്പെട്ട സിഎംഎഫ്ആർഐ ഗവേഷക സംഘം. 

കൊച്ചി- തിമിംഗലങ്ങൾ കരയ്ക്കടിയുന്നത് കൂടിവരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻതീരത്തെ കടൽ സസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിനുള്ള 100-ദിവസ സമുദ്ര ഗവേഷണ ദൗത്യത്തിന് തുടക്കം. കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആർഐ) കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെയും സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സമുദ്ര ദൗത്യം. കൊച്ചിയിൽ നിന്നും യാത്രതിരിച്ച സംഘം തീരത്ത് നിന്നും 12 നോട്ടിക്കൽമൈൽ പരിധിയിലുള്ള മേഖലയാണ് സർവേ നടത്തുന്നത്.
വിവിധയിനം തിമിംഗലങ്ങൾ, ഡോൾഫിനുകൾ, കടൽപശു തുടങ്ങിയ കടൽസസ്തനികളുടെ ലഭ്യതയും അംഗസംഖ്യയും തിട്ടപ്പെടുത്തലും അവയുടെ ആവാസ കേന്ദ്രങ്ങളിലെ സമുദ്രശാസ്ത്ര പ്രത്യേകതകൾ മനസ്സിലാക്കലുമാണ് ദൗത്യം.  തിമിംഗലങ്ങൾ ചത്തു കരയ്ക്കടിയുന്നത് കൂടിവരുന്നതിന്റെ കാരണങ്ങൾ കണ്ടെത്താനും ലക്ഷ്യമുണ്ട്്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കടലിലുണ്ടാകുന്ന മാറ്റങ്ങൾ ഇതിന് കാരണമാകുന്നുണ്ടോയെന്ന് പഠിക്കും. ഇക്കാര്യത്തിൽവിശദമായ പഠനം ആവശ്യമാണെന്ന് ഈ ഗവേഷണപദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ ഡോ ആർ രതീഷ്‌കുമാർ പറഞ്ഞു.  സിഎംഎഫ്ആർഐയുടെ സമുദ്രദൗത്യം ഈ പഠനത്തിന് മുതൽക്കൂട്ടാകും.


കടൽസസ്തനികളെക്കുറിച്ചറിയാനുള്ള സമുദ്രഗവേഷണ ദൗത്യത്തിനിടെ സിഎംഎഫ്ആർഐ ഗവേഷക സംഘം പകർത്തിയ നീലത്തിമിംഗലത്തിന്റെ ചിത്രം. ബുധനാഴ്ച കോഴിക്കോട് തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ നിന്നുള്ളതാണ് ഈ ദൃശ്യം. 

പ്രതികൂല കാലാവസ്ഥയും അടിക്കടിയുള്ള ചുഴലിക്കാറ്റുകളും അതിനെ തുടർന്നുള്ള കടൽക്ഷോഭങ്ങളും കടൽസസ്തനികളെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രീയ വിവിരശേഖരണത്തിലൂടെ വിലയിരുത്താനാകും. സമുദ്രാന്തർഭാഗത്തുണ്ടാകുന്ന ശബ്ദമലിനീകരണവും കപ്പലുകളുമായുള്ള കൂട്ടിയിടിയും ബൈകാച്ചായി പിടിക്കപ്പെടുന്നതും തിമിംഗലം, ഡോൾഫിൻ പോലുള്ളവയ്ക്ക് ഭീഷണിയാകുന്നുണ്ട്.  12 നോട്ടിക്കൽ പരിധിക്കുള്ളിലാണ് സർവേ. സസ്തനികളുടെ സാന്നിധ്യം ബൈനോകുലർ ഉപയോഗിച്ച് തിരിച്ചറിയുകയും അവിടെയെത്തി അനുബന്ധവിവരങ്ങൾ ശേഖരിക്കുകയുമാണ് ചെയ്യുന്നത്.
2021ലാണ് ആദ്യമായിസി എംഎഫ്ആർഐ കടൽ സസ്തനികളുടെ വിവരശേഖരണത്തിനുള്ള ഗവേഷണദൗത്യത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ വിവിധയിനം തിമിംഗലങ്ങൾ, ഡോൾഫിനുകൾ ഉൾപ്പെടെ 16 ഇനം കടൽസസ്തനികളുടെ സാന്നിധ്യം ഇന്ത്യൻ തീരങ്ങളിൽ നിന്ന് സിഎംഎഫ്ആർഐ രേഖപ്പെടുത്തുകയുണ്ടായി. ചെറിയ ഇടവേളക്ക് ശേഷം 2023ൽ പദ്ധതി പുനരാരംഭിക്കുകയും ചെയ്തു. ഇന്ത്യ മുഴുവൻ സർവേ നടത്തുന്നതിനായി 100 ദിവസമെടുക്കുമെന്നാണ് കരുതുന്നത്.

English Summary: CMFRI with maritime mission to find cause of whale stranding

Latest News