Sorry, you need to enable JavaScript to visit this website.

സഹപ്രവര്‍ത്തകരുടെ പീഡനം: പോലീസുകാരന്‍ ജീവനൊടുക്കി

മൂവാറ്റുപുഴ- സഹപ്രവര്‍ത്തകരുടെ പീഡനത്തെ തുടര്‍ന്ന് പോലീസുകാരന്‍ ജീവനൊടുക്കി. കളമശേരി എ.ആര്‍ ക്യാംപിലെ ഡ്രൈവര്‍ ജോബി ദാസ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് ജോബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരാണ് മരണത്തിന് ഉത്തരവാദികളെന്നു ജോബി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കി. മൃതദേഹം കാണാന്‍ സഹപ്രവര്‍ത്തകര്‍ വരരുതെന്നും കുറിപ്പിലുണ്ട്.
കൂടെ ജോലി ചെയ്യുന്നവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ കുറിപ്പിലുള്ളത്. തന്റെ ശമ്പളം കൂട്ടുന്നതിനെതിരെ സഹപ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം കുറിപ്പിലുണ്ട്. കുറച്ചു നാളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ജോബി വ്യക്തമാക്കി. തന്നെ ദ്രോഹിച്ചവരുടെയും മരണത്തിനു കാരണക്കാരായവരുടെയും പേര് ഉള്‍പ്പെടെ ജോബി ഇതില്‍ സൂചിപ്പിച്ചിട്ടുണ്ട്. മരണശേഷം തന്റെ മൃതദേഹം കാണാന്‍ പോലും ഇവരെ അനുവദിക്കരുതെന്നും എഴുതിയിട്ടുണ്ട്.
വലിയ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും ഒരൊറ്റ ഇന്‍ക്രിമെന്റ് പോലും പോയിട്ടില്ല. മദ്യപിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ അല്ല എന്റെ ഇന്‍ക്രിമെന്റ് പോയിട്ടുള്ളത്. എനിക്ക് ഇനി ജീവിക്കാന്‍ താല്‍പര്യമില്ല- ജോബി ദാസ് എഴുതി.
വിഷമിക്കരുതെന്നും അമ്മയെ നന്നായി നോക്കണമെന്നും മക്കളോടായി ജോബി കുറിച്ചു. നന്നായി പഠിച്ച് പോലീസില്‍ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കണമെന്നും അമ്മയെ നന്നായി നോക്കണമെന്നുമാണ് ജോബി മക്കള്‍ക്കായി കുറിച്ചത്.

 

Latest News