സ്വന്തം നാടിനോടുള്ള സ്‌നേഹവും ജീവിതത്തിലെ പ്രധാന സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള സാഹചര്യവുമാണ് നിക്ഷേപകരെ സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കുന്നത്. കരുവന്നൂർ പോലെ പുൽപള്ളി, കണ്ട്‌ല, കാസർകോട് ബാങ്കുകളിലും നടന്ന പ്രവർത്തനങ്ങൾ നിക്ഷേപകരുടെ നന്മ ലാക്കാക്കിയല്ല.
മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടി തട്ടമിടുന്നതോ, ഹിജാബ് ധരിക്കുന്നതോ അല്ല കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് പറഞ്ഞത് പോലെ അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. കോടിക്കണക്കിന് ഇന്ത്യക്കാർ മനസ്സമാധാനത്തോടെ കിടന്നുറങ്ങുന്നത് രാജ്യത്ത് ശക്തമായ ബാങ്കിംഗ് ശൃംഖലയുള്ളതുകൊണ്ടാണ്. സമ്പന്ന-ദരിദ്ര-മധ്യവർഗ വ്യത്യാസമെന്യേ എല്ലാവരുടെയും പണം സുരക്ഷിതമായി നിക്ഷേപിക്കുന്നത് ബാങ്കുകളിൽ. ദേശസാൽക്കൃത ബാങ്കുകളുടെ ലോക്കറുകൾ വാടകക്ക് കിട്ടാൻ പ്രതിവർഷം 1200 രൂപ മുതൽ കൊടുത്താൽ മതി. മിക്ക വീടുകളിലും അത്യാവശ്യത്തിനുള്ളതല്ലാത്ത സ്വർണം ഇപ്പോൾ സൂക്ഷിക്കാറില്ല. പവന് അര ലക്ഷം രൂപ വരെ വിലയുള്ള ഇക്കാലത്ത് നൂറുകണക്കിന് പവൻ സ്വർണാഭാരണം വീടുകളിൽ സൂക്ഷിക്കേണ്ടി വന്നാലത്തെ അവസ്ഥയൊന്നാലോചിച്ച് നോക്കൂ. അതുപോലെ എ.ടി.എം കാർഡുകളും ഓൺലൈൻ പേയ്‌മെന്റ് സംവിധാനവുമുള്ളപ്പോൾ നിക്ഷേപമായി ബാങ്കിൽ പണം സൂക്ഷിക്കുകയെന്നതായിരിക്കുന്നു പതിവ്.
നിക്ഷേപ തട്ടിപ്പുകളെന്നത് കേരളത്തിന് പുതിയ കാര്യമല്ല. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാണിജ്യ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രമുഖ അഭിഭാഷകൻ അടുത്തിടെ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത് പ്രതിമാസ വരുമാനം പ്രതീക്ഷിച്ച് ബിസിനസുകളിൽ നിക്ഷേപിക്കുന്നവരെ വഞ്ചിച്ച് സ്ഥാപനങ്ങൾ മുങ്ങുന്ന കേസുകൾ കേരളത്തിൽ ധാരാളമുണ്ടെന്നാണ്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. തൃശൂർ മുതൽ കാസർകോട് വരെ ജില്ലകളിലാണല്ലോ കേരളത്തിൽ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ളത്. ബാങ്കിൽ പണം വെച്ച് പലിശയുമായി ബന്ധപ്പെട്ട് വിശ്വാസ പ്രമാണങ്ങളെ മാനിച്ചില്ലെന്ന് വേണ്ട എന്ന ധാരണയുള്ളവരെയാണ് വൻകിട സ്ഥാപനങ്ങൾ പറ്റിക്കുന്നത്. വടക്കൻ കേരളത്തിൽ മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ പിൻബലമുള്ള നിരവധി വൻകിട ജ്വല്ലറികളാണ് അടുത്തിടെ പൊട്ടിയത്. അഞ്ഞൂറും ആയിരം കോടി വരെ വെട്ടിച്ചെടുത്ത സ്ഥാപനങ്ങൾ വരെ കൂട്ടത്തിലുണ്ട്. കാസർകോട്, കുറ്റിയാടി, വടകര, പയ്യോളി, കോഴിക്കോട്, മുക്കം ഭാഗങ്ങളിലെല്ലാം പ്രതിമാസം ആയിരങ്ങൾ വരുമാനമുണ്ടാകുമെന്ന് പറഞ്ഞ് നിക്ഷേപകരെ വഞ്ചിച്ച സ്ഥാപനങ്ങൾ സുപ്രഭാതത്തിൽ മുങ്ങിയിട്ടുണ്ട്. നടത്തിപ്പുകാരിൽ പലരും പാപ്പരായി പ്രഖ്യാപിക്കാൻ കോടതിയെ സമീപിക്കുമ്പോഴായിരിക്കും വിവരമറിയുക. അതേസമയം തൃശൂരിനപ്പുറം ബാങ്കുകളിൽ ഫിക്‌സഡ് നിക്ഷേപങ്ങളിൽ പണമിറക്കാൻ വലിയ വിമുഖത കാണാറില്ലെന്നും വക്കീൽ പറഞ്ഞു. ബാങ്കുകൾ ഓഫർ ചെയ്യുന്ന ഇന്ററസ്റ്റ് നിരക്കാണ് ആളുകളെ സ്വാധീനിക്കുന്ന ഘടകം.
കേരളത്തിൽ ബാങ്ക് തകർച്ചയും പുതിയ കാര്യമല്ല. പാലാ ബാങ്ക് പൊളിഞ്ഞത് മധ്യ തിരുവിതാംകൂറിലെ പഴയ തലമുറയുടെ ഓർമകളിലുണ്ട്. 80 കളിൽ ബാങ്ക് ഓഫ് കൊച്ചിൻ തകർന്നതാണ് പുതിയ കാലത്തെ ആദ്യ സംഭവം. ദേശസാൽക്കൃത ബാങ്കുകൾക്കും ഷെഡ്യൂൾഡ് ബാങ്കുകൾക്കും എന്തെങ്കിലും സംഭവിച്ചാൽ ഇവിടെ നോക്കാനും പറയാനും ആളുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിന്റെയെല്ലാം അച്ഛൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വേണമെങ്കിൽ മൂത്ത സഹോദരൻ എന്ന് വിളിക്കാം. അനുജന്മാരും അനുജത്തിമാരുമായി രാജ്യത്തെ തലയെടുപ്പുള്ള ദേശസാൽക്കൃത ബാങ്കുകളും ഷെഡ്യൂൾഡ് പ്രൈവറ്റ് ബാങ്കുകളും. ഈ പറഞ്ഞതിനൊന്നും പ്രതിസന്ധി നേരിട്ടാൽ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല. റിസർവ് ബാങ്ക് ഇടപെടും, തീർച്ച. നമ്മുടെ കണ്മുന്നിൽ തന്നെ അനുഭവങ്ങളുണ്ട്. 80 കളിലാണ് ബാങ്ക് ഓഫ് കൊച്ചിൻ തകർച്ചയുടെ സൂചന കാണിച്ചു തുടങ്ങിയത്. ഉടൻ ഇതിനെ ഏറ്റെടുക്കാൻ അച്ഛൻ ബാങ്കായ ആർ.ബി.ഐ മറ്റു ദേശസാൽക്കൃത ബാങ്കുകളോട് ആവശ്യപ്പെടുകായിരുന്നു. സിണ്ടിക്കേറ്റ് ബാങ്കാണ് ഇതിനെ ഏറ്റെടുത്തത്. തലശ്ശേരി പോലുള്ള പട്ടണങ്ങളിൽ ഒരേ കെട്ടിടത്തിൽ സിണ്ടിക്കേറ്റ് ബാങ്കിന്റെ രണ്ടു ശാഖകൾ വരെ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായി. അതു കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നെടുങ്ങാടി ബാങ്ക് കുഴപ്പത്തിലായി. ആർ.ബി.ഐ നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിക്കുകയാണ് ചെയ്തത്. നിക്ഷേപകർക്കൊന്നും ഒരു പ്രയാസവും നേരിടാത്ത വിധത്തിലായിരുന്നു ഈ ടേക്ക് ഓവർ. റിസർവ് ബാങ്ക് പെട്ടെന്ന് ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കുന്നത് രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്താനാണ്. ബാങ്കുകൾക്ക് തോന്നിയ പോലെ ആളുകൾക്ക് വായ്പ അനുവദിക്കാനൊന്നും സാധിക്കില്ല. ഇത് ഓരോ ബാങ്കുകളുടെയും ലിക്വിഡിറ്റിയുമായി ബന്ധപ്പെട്ട വിഷയമാണ്.
ഇത്രയേറെ ദേശസാൽക്കൃത ബാങ്കുകളുടെ ശാഖകൾ കേരളത്തിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുണ്ടെങ്കിലും
വിദ്യാസമ്പന്നർ പോലും സഹകരണ ബാങ്കുകളിൽ വൻതുക എഫ്.ഡി (സ്ഥിര നിക്ഷേപം) യായി ഡെപ്പോസിറ്റ് ചെയ്യുന്നത് കാണാറുണ്ട്. ഇതിന് രണ്ടു പ്രധാന കാരണങ്ങളാണുള്ളത്. മറ്റു ബാങ്കുകളെ അപേക്ഷിച്ച് സഹകരണ ബാങ്കുകളിലെ പലിശ നിരക്ക് കൂടുതലാണ്. അതിനപ്പുറം വീട്ടിന് നേരെ മുമ്പിലുള്ള ബാങ്കിൽ ഏത് അത്യാവശ്യത്തിനും കടന്നു ചെല്ലാമെന്നുള്ളതാണ്. സഹകരണ ബാങ്കുകളുടെ ഭരണ സമിതിയെന്നത് പ്രാദേശിക പാർട്ടി നേതാക്കളാണ്. സിപി.എമ്മാണ് പ്രധാനം. കോൺഗ്രസ്, ലീഗ്, സി.എം.പി, ബി.ജെപി എന്നീ കക്ഷികൾ നടത്തുന്ന സഹകരണ ബാങ്കുകളും നാട്ടിലുണ്ട്. സാധാരണ ഗതിയിൽ സി.പി.എമ്മിന്റെ സമ്പൂർണ നിയന്ത്രണത്തിലായിരിക്കും വിവിധ പ്രദേശങ്ങളിലെ സഹകരണ ബാങ്കുകൾ. പാർട്ടിക്കാരല്ലാത്തവർക്ക് ജോലി ലഭിക്കില്ലെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. എൽ.സി, ഏരിയ കമ്മിറ്റി, ജില്ല കമ്മിറ്റി വെരിഫിക്കേഷൻ കഴിഞ്ഞു ജോലിക്കെടുക്കുന്നവർ പാർട്ടി കുടുംബങ്ങളിൽ നിന്നുള്ളവരായിരിക്കും. പണം വാങ്ങി നിയമനം മുമ്പൊന്നും നടത്താറില്ല. എന്നാൽ കോൺഗ്രസ്, ലീഗ് സഹകരണ ബാങ്കുകളിൽ ക്ലാർക്കായി ജോലി ലഭിക്കാൻ കാൽ നൂറ്റാണ്ട് മുമ്പ് ആവശ്യപ്പെട്ടിരുന്നത് അഞ്ചു ലക്ഷവും അതിന് മുകളിലുമായിരുന്നു. ആരെന്തൊക്കെ ദോഷം പറഞ്ഞാലും ഇതിന് അറുതി വരുത്തിയത് എ.കെ. ആന്റണി മുഖ്യമന്ത്രിയായ വേളയിലാണ്. സഹകരണ മേഖലയിലെ എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടാൻ അദ്ദേഹം ഉത്തരവിട്ടു.
കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് സഹകരണ മേഖലയാണ്. ബ്രിട്ടനിൽ റോബർട്ട് ഓവൻ സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കേരളത്തിൽ കമ്യണിസ്റ്റ് പാർട്ടി ഇതിന് തുടക്കമിട്ടത്. തൃശൂർ ജില്ലയിലെ കരുവന്നൂരിലെ കറുത്ത വറ്റ് കേരളത്തിന് വലിയ അപമാനമാണെന്ന് സി.പി.എമ്മിനെ സ്‌നേഹിക്കുന്നവർ പോലും സമ്മതിക്കും. കരുവന്നൂർ തട്ടിപ്പുകേസിൽ മുഖ്യ പ്രതി സതീഷ് കുമാർ നടത്തിയത് 500 കോടിയുടെ ഇടപാടാണെന്ന് ഇ.ഡി പറയുന്നു. സതീഷ് കുമാറിലൂടെയാണ് കേസിന്റെ അന്വേഷണം നീളുന്നത്. ഇതെത്രത്തോളം നീളുമെന്ന് പറയാനാവില്ല.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നു എന്നാണ് ഇ.ഡി കണ്ടെത്തൽ. കരുവന്നൂരിലെ തട്ടിപ്പ് പണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി നേരത്തെ ഇ.ഡി കണ്ടെത്തിയിരുന്നു.
45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. നോട്ടുനിരോധന കാലത്ത് ഒട്ടനവധി ദുരൂഹ ഇടപാടുകൾ ഈ ബാങ്കുകളിൽ നടന്നിട്ടുണ്ട് എന്നാണ് ഉയരുന്ന ആക്ഷേപം. സ്വന്തം നാടിനോടുള്ള സ്‌നേഹവും ജീവിതത്തിലെ പ്രധാന സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള സാഹചര്യവുമാണ് നിക്ഷേപകരെ സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇത് മുതലെടുത്താണ് സിപിഎം-കോൺഗ്രസ് നേതാക്കൾ തട്ടിപ്പ് നടത്തുന്നത്. പുൽപള്ളി, കണ്ട്‌ല, കാസർകോട് ബാങ്കുകളിലും നടന്നത് നിക്ഷേപകരുടെ നന്മ ലാക്കാക്കിയല്ല.