ജിദ്ദ - ഒരു വര്‍ഷത്തിനിടെ സൗദിയിലെ സ്വകാര്യ മേഖല പത്തു ലക്ഷത്തിലേറെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയുടെ അവസാനം മുതല്‍ മുതല്‍ ഈ കൊല്ലം ആദ്യ പകുതിയുടെ അവസാനം വരെയുള്ള കാലത്ത് സ്വകാര്യ മേഖലയില്‍ സ്വദേശി, വിദേശി ജീവനക്കാരുടെ എണ്ണത്തില്‍ 10,85,000 പേരുടെ വര്‍ധന രേഖപ്പെടുത്തി. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തൊഴില്‍ വിപണി സൂചകങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു. ഇതിലൂടെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി കുറഞ്ഞു. 20 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്.
കഴിഞ്ഞ കൊല്ലം ആദ്യ പകുതിയുടെ അവസാനത്തിനും ഈ വര്‍ഷം ആദ്യ പകുതി അവസാനത്തിനുമിടയിലുള്ള കാലത്ത് സ്വകാര്യ മേഖലയില്‍ 1,53,000 സൗദികള്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു. ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ 22 ലക്ഷത്തിലേറെ സ്വദേശി ജീവനക്കാരുണ്ട്. സൗദിവല്‍ക്കരണ പദ്ധതികള്‍, സ്വകാര്യ മേഖലക്ക് പിന്തുണ നല്‍കുന്ന പദ്ധതികള്‍, കയറ്റുമതി പ്രോത്സാഹനം, സ്വകാര്യവല്‍ക്കരണം, സ്ത്രീശാക്തീകരണം അടക്കമുള്ള പദ്ധതികള്‍ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സഹായിച്ചു. ഈ പദ്ധതികളെല്ലാം രാജ്യത്ത് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതില്‍ പ്രതിഫലിച്ചു. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നു. പെട്രോളിതര മേഖലയിലെ മികച്ച വളര്‍ച്ചയും തൊഴില്‍ വിപണിയില്‍ അനുകൂല ഫലങ്ങള്‍ ചെലുത്തി.
അടുത്ത വര്‍ഷം സൗദി അറേബ്യ 2.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്. ഈ കൊല്ലം സാമ്പത്തിക വളര്‍ച്ച 1.9 ശതമാനമായിരിക്കും. കഴിഞ്ഞ വര്‍ഷം 8.7 ശതമാനവും 2021 ല്‍ 3.9 ശതമാനവുമായിരുന്നു സാമ്പത്തിക വളര്‍ച്ച.