കൊച്ചി - ജ്യോത്സ്യനെ ലോഡ്ജിൽ വച്ച് മയക്കിക്കിടത്തി സ്വർണവും പണവും കവർന്ന കേസിൽ യുവതി പിടിയിൽ. തൃശൂർ മണ്ണുത്തി സ്വദേശിനി അൻസിയയാണ് എളമക്കര പോലീസിന്റെ പിടിയിലായത്.
സെപ്തംബർ 26ന് ഇടപ്പള്ളിയിലെ ഒരു ലോഡ്ജിൽ വച്ചായിരുന്നു സംഭവം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം സുഹൃത്തിന് ഒരു പ്രശ്‌നമുണ്ടെന്നും ജ്യോതിഷം നോക്കണമെന്നും പറഞ്ഞ് ജോത്സ്യനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു തട്ടിപ്പ്. ഇരുവരും ഇടപ്പള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. തുടർന്ന് പ്രഷറിന്റെ ഗുളിക കലക്കിയ ജ്യൂസ് കൊടുത്ത് ജ്യോത്സ്യനെ മയക്കിയ ശേഷം സ്വർണം ഊരിയെടുക്കുകയായിരുന്നു. ഇങ്ങനെ 12.5 പവൻ സ്വർണം യുവതി ജ്യോത്സ്യനിൽ നിന്ന് കവർന്നതായി പോലീസ് പറഞ്ഞു.
പ്രതിയുടെ ഫേസ്ബുക്ക് പരിശോധിച്ചപ്പോൾ നിരവധി ജ്യോത്സ്യന്മാരെ ഇത്തരത്തിൽ സുഹൃത്തുക്കളാക്കി ചാറ്റിങ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് എളമക്കര പോലീസ് പറഞ്ഞു.