Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ തട്ടിപ്പും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണം - വി ഡി സതീശന്‍

തിരുവനന്തപുരം - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കൊള്ളക്കാരെയും കൊള്ളമുതല്‍ വീതംവെച്ചവരെയും സി പി എം സംരക്ഷിക്കുകയാണ്. കരുവന്നൂരില്‍ കബളിപ്പിക്കപ്പെട്ട മുഴുവന്‍ നിക്ഷേപകര്‍ക്കും പണം മടക്കി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി. പി എം നേതാക്കള്‍ കൊള്ളയടിച്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരില്‍ ഒരാള്‍ക്കും ഒരു രൂപ പോലും നഷ്ടമാകില്ലെന്നാണ് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ആവര്‍ത്തിക്കുന്നത്. ഇത് കബളിപ്പിക്കലാണ്. അമ്പതിനായിരത്തില്‍ താഴെ നിക്ഷേപമുള്ളവര്‍ക്ക് അത് മടക്കി നല്‍കുമെന്നും ഒരു ലക്ഷത്തിന് വരെ നിക്ഷേപമുള്ളവര്‍ക്ക് അമ്പതിനായിരം രൂപ തല്‍ക്കാലം നല്‍കുമെന്നുമാണ് സഹകരണമന്ത്രി ഇന്നലെ പറഞ്ഞത്. ഭൂമി വിറ്റും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും കരുതിവെച്ചതും വിരമിച്ചപ്പോള്‍ കിട്ടിയതുമായ ലക്ഷങ്ങള്‍ നിക്ഷേപിച്ച് സര്‍വതും നഷ്ടമായവരുടെ പണം എങ്ങനെ മടക്കി നല്‍കുമെന്ന് സഹകരണ മന്ത്രിയോ സര്‍ക്കാരോ വ്യക്തമാക്കിയിട്ടില്ല. എന്നിട്ടും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് ആവര്‍ത്തിക്കുന്നത് പൊതുസമൂഹത്തോടുള്ള പരിഹാസമാണ്. കരുവന്നൂരില്‍ 300 കോടിയെങ്കിലും കൊള്ളയടിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളില്‍ മാത്രം 500 കോടിയുടെയെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Latest News