തൃശൂര്‍-മാരുതി 800 കാറിനെ റോള്‍സ് റോയിസ് ആക്കി മാറ്റി പ്ലസ്ടു വിദ്യാര്‍ത്ഥി. കൊടുങ്ങല്ലൂരിലെ പേബസാര്‍ സ്വദേശിയായ ഹാദിഫ് ആണ് ഈ മിടുക്കന്‍. മതിലകം സ്വദേശിയായ റോണി ജോര്‍ജ് എന്നയാള്‍ നല്‍കിയ മാരുതി 800നെയാണ് ഹാദിഫ് കിടിലന്‍ റോള്‍സാക്കി മാറ്റിയത്. ചെലവ് വെറും 45000 രൂപ. കുട്ടിക്കാലം മുതലേ കാറുകളോട്, പ്രത്യേകിച്ച് റോള്‍സ് റോയിസിനോട് ഹാദിഫിന് ആവേശം തന്നെയായിരുന്നു. മകന്റെ താല്‍പര്യവും കഴിവും മനസിലാക്കിയ പിതാവ് കൂടെ നിന്നു. ശമ്പളത്തില്‍ നിന്ന് പലപ്പോഴായി തുക മാറ്റിവച്ചാണ് കാര്‍ നിര്‍മ്മാണത്തിന് മകന് നല്‍കിയത്. സുഹൃത്തായ റിഹാനും കാര്‍ നിര്‍മ്മാണ ഘട്ടത്തില്‍ ഹാദിഫിനൊപ്പം കൂടി.
പല കാറുകളുടെയും പാര്‍ട്സ് ഉപയോഗിച്ചാണ് ഇന്റീരിയര്‍ നിര്‍മ്മിച്ചത്. ബിഎംഡബ്യുവിന്റേതാണ് സീറ്റുകള്‍. സുഹൃത്തിന്റെ അച്ഛന് ലക്ഷ്വറി കാറുകള്‍ പൊളിക്കുന്ന ബിസിനസാണ്. അവിടുത്തെ യാര്‍ഡില്‍ നിന്നാണ് ഇത് സംഘടിപ്പിച്ചത്. റോള്‍സ് റോയിസ് കാറുകളുടെ ഏറ്റവും ഹൈലൈറ്റായ എംബ്‌ളം 'സ്പിരിറ്റ് ഒഫ് എക്ടസി' നിര്‍മ്മിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. അതിനെ അതിജീവിച്ചത് അയല്‍വാസിയും പ്രശസ്ത ശില്‍പിയുമായ ഡാവിഞ്ചി സുരേഷിന്റെ സഹായത്താലാണ്. കുറച്ച് സാമ്പത്തികം കൂടെ ആവശ്യമുള്ളതിനാല്‍ കുഞ്ഞന്‍ റോള്‍സിന് ഇനിയും ചില പണികള്‍ കൂടി ബാക്കിയുണ്ട്.
ഒമ്പതാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ബൈക്കിന്റെ എഞ്ചിന്‍ ഉപയോഗിച്ച് ജീപ്പ് നിര്‍മ്മിച്ചും ഹാദിഫ് ഞെട്ടിച്ചിട്ടുണ്ട്. മകനെ കുറിച്ച് വളരെ അഭിമാനമാണുള്ളതെന്ന് പിതാവ് പ്രതികരിച്ചു. സ്വന്തമായി വാഹനനിര്‍മ്മാണ കമ്പനി എന്നതാണ് ഹാദിഫിന്റെ സ്വപ്നം.