കോഴിക്കോട് - കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യുവില്‍ രോഗിയ പീഡിപ്പിച്ച കേസിലെ പ്രതിയായ അറ്റന്‍ഡര്‍ എം എം ശശീന്ദ്രനെ പിരിച്ചു വിടാന്‍ സാധ്യത. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. അതിജീവിതയുടെ പരാതി സംബന്ധിച്ച മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശശീന്ദ്രന്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. കഴിഞ്ഞ മാര്‍ച്ച് 18 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന അതിജീവിതയെ അറ്റന്‍ഡറായിരുന്ന ശശീന്ദ്രന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. ഇതിനിടെ അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയ്ക്കെതിരെ അതിജീവിത പരാതി നല്‍കിയിരുന്നു. വൈദ്യപരിശോധന നടത്തിയ കെ വി പ്രീത ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവന്‍ രേഖപ്പടുത്തിയില്ലെന്നുമായിരുന്നു അതിജീവിതയുടെ പരാതി. കെ വി പ്രീതയുടെ ഉള്‍പ്പടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി കോടതി വീണ്ടും രേഖപ്പടുത്തിയിരുന്നു.