തൃശൂര്‍- കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ്ണ ഇടപാടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി. രണ്ടുപേരുടെ അക്കൗണ്ടുകളിലേക്ക് നിയമവിരുദ്ധമായി സമാഹരിച്ച പണം എത്തിയിട്ടുണ്ടെന്ന് ഇഡി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജയരാജന്‍, പി മുകുന്ദന്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. ഇതില്‍ ഒരാള്‍ വിദേശത്താണ് എന്നാണ് സൂചന.
കരുവന്നൂര്‍ ബാങ്കിലടക്കം നടന്ന ക്രമക്കേടുകളിലൂടെ സമാഹരിച്ച പണം എവിടെയെല്ലാം പോയി എന്ന അന്വേഷണത്തില്‍ ഇഡി കണ്ടെത്തിയ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇന്നലെ കോടതിയില്‍ ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിയമവിരുദ്ധമായി സമാഹരിച്ച പണം രണ്ടു അക്കൗണ്ടുകളിലേക്ക് പോയതായി കണ്ടെത്തിയതായി പറയുന്നത്. ജയരാജന്‍, പി മുകുന്ദന്‍ എന്നിവരുടെ അക്കൗണ്ടുകളിലൂടെ കേസിലെ ഒന്നാംപ്രതിയായ സതീഷ് കുമാര്‍ കള്ളപ്പണ ഇടപാട് നടത്തിയതായാണ് ഇഡിയുടെ കണ്ടെത്തല്‍. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇവര്‍ ആരെല്ലാമാണെന്ന് ഇഡി വിശദീകരിച്ചിട്ടില്ല.
ഇരുവരും ബന്ധുക്കളാണ് എന്നാണ് അറിയുന്നത്. ഇതില്‍ ഒരാള്‍ വിദേശത്താണ്. സതീഷ് കുമാറിന് കുഴല്‍പ്പണ ഇടപാടുകളില്‍ അടക്കം ബന്ധമുണ്ടെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ നിയമവിരുദ്ധമായി സമാഹരിച്ച പണം എത്തിയെന്ന് കണ്ടെത്തിയ രണ്ടു അക്കൗണ്ടുകളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍, സതീഷ് കുമാറിന്റെ കുഴല്‍പ്പണ ഇടപാടുകളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് ഇഡിയുടെ നീക്കം.