Sorry, you need to enable JavaScript to visit this website.

വിമാനം തകര്‍ക്കുമെന്ന് ഭീഷണിമുഴക്കിയ ഇമാറാത്തി പൈലറ്റിനെതിരെ കേസ്

ദുബയ്- സ്‌പെയ്‌നിലെ മാഡ്രിഡില്‍ നിന്നും ദുബയിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ യാത്രക്കാരനായ യുവ പൈലറ്റിനെതിരെ മദ്യലഹരിയില്‍ അലമ്പുണ്ടാക്കിയ കുറ്റത്തിന് കേസ്. തന്റെ പക്കല്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്നും വിമാനം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയ യുഎഇ സ്വദേശിയായ 27കാരനാണ് കുരുക്കിലായത്. എയര്‍ ഹോസ്റ്റസിനെ ആക്രമിച്ച് വീഴ്ത്തുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്ത ഇദ്ദേഹം അമിതമായി മദ്യപിച്ചിരുന്നതായി പബ്ലിക് പ്രൊസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. വിമാനത്തിന്റേയും യാത്രക്കാരുടേയും സുരക്ഷ ഭീഷണിയിലാക്കി, ജീവനക്കാരെ തെറിവിളിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, അനുമതിയില്ലാതെ മദ്യപിച്ചു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബയ് രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് പ്രതിയായ ഇമാറാത്തി പൈലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തിലെ സീറ്റ് കീറുകയും വിന്‍ഡോ കവര്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. 10,324 ദിര്‍ഹമിന്റെ നാശനഷ്ടങ്ങളാണ് ഇതുണ്ടാക്കിയത്. 

യാത്രയ്ക്കിടെ ഇയാള്‍ സീറ്റില്‍ കയറി നില്‍ക്കുകയും ഷൂ ഉരി എറിയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തടയാന്‍ ശ്രമിച്ച റുമേനിയന്‍ എയര്‍ ഹോസ്റ്റസിനെ മാറില്‍ പിടിച്ചു തള്ളിവീഴ്ത്തുകയും ചെയ്തു. പിന്നീട് മറ്റു യാത്രക്കാരുടെ സഹായത്തോടെ ഇയാളെ കൈവിലങ്ങിട്ട് ഒതുക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഇയാള്‍ തെറിവിളി രൂക്ഷമാക്കിയത്. കൈവിലങ്ങ് അഴിച്ചു മാറ്റാന്‍ സ്വയം മുറിവേല്‍പ്പിക്കുകയും അലറി വിളിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്റെ പക്കല്‍ ബോംബുണ്ടെന്നും വിമാനം തകര്‍ക്കുമെന്നും ഇയാള്‍ ഭീഷണിമുഴക്കിയതെന്ന് എയര്‍ഹോസ്റ്റസ് കോടതിയില്‍ പറഞ്ഞു. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. കേസ് ഓഗസ്റ്റ് എട്ടിനു കോടതി വീണ്ടും പരിഗണിക്കും.
 

Latest News