കരുവന്നൂര്‍ പ്രശ്ന പരിഹാരം  തേടി മന്ത്രിസഭ യോഗം ഇന്ന്  

തിരുവനന്തപുരം- കരുവന്നൂര്‍ പ്രശ്ന പരിഹാരം സംബന്ധിച്ചും വൈദ്യുതി വാങ്ങല്‍ കരാറുകള്‍ പുനരുജ്ജീവിപ്പിക്കുന്നതും ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ പരിഗണിക്കും. കരുവന്നൂര്‍ സഹകരണ ബാങ്ക് പ്രശ്നത്തില്‍ ഇന്നലെ സഹകരണ വകുപ്പിലെയും കേരളാ ബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹകരണ സംഘം ഭാരവാഹികളുടെ ഓണ്‍ലൈന്‍ മീറ്റിംഗും നടക്കുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണ സംഘങ്ങളില്‍ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കാനാണ് ആലോചിക്കുന്നത്. സഹകരണ നിയമഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിട്ട് വന്നാല്‍ മാത്രമെ സഹകരണ സംരക്ഷണ നിധി അടക്കമുള്ള കാര്യങ്ങളിലെ സാങ്കേതികത്വം ഒഴിയുകയുള്ളു. ഈ സാഹചര്യമടക്കം നിലവിലെ സ്ഥിതി മന്ത്രിസഭാ യോഗം വിലയിരുത്തും. 
റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ 4 വൈദ്യുതി വാങ്ങല്‍ കരാറുകള്‍ പുനരുജ്ജീവിപ്പിക്കുന്നതാണ് മന്ത്രിസഭയ്ക്ക് മുന്നിലെ മറ്റൊരു വിഷയം. കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിക്കുന്ന കരാറുകള്‍ വീണ്ടും നടപ്പാക്കാന്‍ സര്‍ക്കാര്‍ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ 108ാം വകുപ്പ് അനുസരിച്ചു സംസ്ഥാന സര്‍ക്കാര്‍ നയതീരുമാനം എടുത്തു കരാറുകള്‍ പുനരുജ്ജീവിപ്പിക്കുകയോ കമ്മിഷന്റെ തീരുമാനത്തിനെതിരെ കേന്ദ്ര അപ്‌ലറ്റ് ട്രൈബ്യൂണലില്‍ വൈദ്യുതി ബോര്‍ഡ് നല്‍കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടി കക്ഷി ചേരുകയോ കരാര്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യണം.
യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്റെ ദീര്‍ഘ കാല കരാര്‍ ആണ് സാങ്കേതിക പ്രശ്‌നം ഉന്നയിച്ചു കമ്മീഷന്‍ റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ആണ് കരാര്‍ പുനസ്ഥാപിക്കാന്‍ നീക്കം തുടങ്ങിയത്.സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ബോര്‍ഡിന്റെ ഡാമുകളില്‍ ശരാശരി 53 ശതമാനം വെള്ളമാണുള്ളത്. ഇടുക്കിയില്‍ 42 ശതമാനവും ശബരിഗിരിയില്‍ 61 ശതമാനവും ഇടമലയാറില്‍ 57 ശതമാനവുമാണ് ഉള്ളത്. ഷോളയാറിലും കുണ്ടളയിലും 97 ശതമാനം വെള്ളം ആയി.

Latest News