മഞ്ചേരി- നഗരസഭ 49-ാം വാർഡ് കൗൺസിലറും സി.പി.എം നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ പി. വിശ്വനാഥന്റെ രാജിയെ ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം. പദ്ധതി ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് എൽ.ഡി.എഫ്-യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ വാക് പോരുണ്ടായത്. കൗൺസിലറുടെ രാജി ആവശ്യപ്പെട്ടായിരുന്നു യു.ഡി.എഫ് പ്രതിഷേധം. ക്ഷേത്രത്തിലെ വഴിപാട് തുക കവർന്ന കൗൺസിലർ
രാജിവെക്കണമെന്ന് എഴുതിയ ബാനർ പിടിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ഹാളിലെത്തിയത്. രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർ യാഷിഖ് മേച്ചേരി പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിൻമേലുള്ള ചർച്ചയിലാണ് എൽ.ഡി.എഫ്-യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റമുണ്ടായത്. ക്ഷേത്രത്തിലെ വഴിപാട് തുക വ്യാജരസീത് ഉപയോഗിച്ച് ഒരു കൗൺസിലർ തട്ടിയെടുത്തത് ബാക്കിയുള്ള 49 കൗൺസിലർമാർക്കും അപമാനമെന്നും പ്രമേയം ഐക്യകണ്ഠേന പാസാക്കണമെന്നും യാഷിഖ് മേച്ചേരി പറഞ്ഞു. ഇതിനെ യു.ഡി.എഫ് അംഗങ്ങൾ സ്വാഗതം ചെയ്തു. എന്നാൽ ആരോപണം തെളിയുന്നതുവരെ വിശ്വനാഥൻ കൗൺസിലറായി തുടരട്ടെയെന്നും കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും എൽ.ഡി.എഫ് അംഗം മരുന്നൻ സാജിദ് ബാബു മറുപടി നൽകി. സി.പി.എം പാർട്ടി അംഗത്വത്തിൽ നിന്ന് വിശ്വനാഥനെ സസ്പെന്റ് ചെയ്തതായും വിശദീകരിച്ചു. ഇതോടെ ക്ഷേത്രത്തിൽ വിശ്വാസികൾ നൽകുന്ന പണം അപഹരിച്ച കൗൺസിലറെ സംരക്ഷിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിക്കുന്നതെന്ന് യു.ഡി.എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. പരസ്പരം ആരോപണം ഉന്നയിച്ച് കൗൺസിലർമാർ രംഗത്തെത്തിയതോടെ കൗൺസിൽ ബഹളമയമായി. കൗൺസിലറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രമേയത്തെ അനുകൂലിക്കുന്നവർ കൈഉയർത്തണമെന്ന് ചെയർപേഴ്സൺ വി.എം. സുബൈദ ആവശ്യപ്പെട്ടു. യു.ഡി.എഫിലെ എല്ലാ അംഗങ്ങളും അനുകൂലിച്ചതോടെ പ്രതിപക്ഷ വിയോജിപ്പോടെ പ്രമേയം പാസാക്കി. മഞ്ചേരി കരുവമ്പ്രം വിഷ്ണു കരിങ്കാളി ക്ഷേത്രത്തിൽ വഴിപാട് അസിസ്റ്റന്റായാണ് സി.പി.എം നേതാവ് ജോലി ചെയ്തിരുന്നത്. ക്ഷേത്രത്തിലെ കൗണ്ടറിൽ വരുന്ന വഴിപാടുകൾ ചീട്ടാക്കി തിരിക്കലായിരുന്നു ഇദ്ദേഹത്തിന്റെ ജോലി. കൗണ്ടറിൽ ഭക്തർ നൽകുന്ന തുക വ്യാജ രശീതി നൽകി സ്വീകരിച്ച് തിരിമറി നടത്തിയെന്ന പരാതിയാണ് ഉയർന്നത്.