അമേരിക്കയുടെ സുവര്‍ണ മത്സ്യമെന്നറിയപ്പെടുന്ന മൈക്കിള്‍ ഫെല്‍പ്‌സിന്റെ പേരിലുള്ള 23 വര്‍ഷം നീണ്ട റെക്കോര്‍ഡ് പത്തു വയസ്സുകാരന്‍ ക്ലാര്‍ക്ക് കെന്റ് തകര്‍ത്തു. അമേരിക്കയിലെ ഫാര്‍ വെസ്റ്റ് ഇന്റര്‍നാഷനല്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഏഴിനങ്ങളിലും കെന്റ് ചാമ്പ്യനായി. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലാണ് ഫെല്‍പ്‌സിന്റെ റെക്കോര്‍ഡ് ഭേദിച്ച് മഹാദ്ഭുതം കാട്ടിയത്. 1995 ല്‍ ഇതേ മീറ്റിലാണ് ഫെല്‍പ്‌സ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നത്. 1.1 സെക്കന്റിന്റെ വന്‍ വ്യത്യാസത്തിലാണ് റെക്കോര്‍ഡ് പഴങ്കഥയായത്. കെന്റിന് ഇപ്പോഴൊന്നും ഒളിംപിക്‌സില്‍ പങ്കെടുക്കാനാവില്ല. എങ്കിലും അതാണ് ലക്ഷ്യം. നാലു വര്‍ഷമേ ആയുള്ള കെന്റ് നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ട്. 28 മെഡലുകള്‍ നേടിയ ഫെല്‍പ്‌സ് ഒളിംപിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും ബഹുമതികള്‍ കിട്ടിയ കായിക താരമാണ്.