ജിദ്ദ - ഹിസ്റ്റോറിക് ജിദ്ദ ഏരിയ (ബലദ്) യുടെ വികസനത്തിന് ബലദ് ഡെവലപ്‌മെന്റ് കമ്പനി എന്ന പേരില്‍ പുതിയ കമ്പനി സ്ഥാപിച്ചതായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. ജിദ്ദയുടെ പുരാതന പൈതൃകവും സമ്പന്നമായ സംസ്‌കാരവും അടിസ്ഥാനമാക്കി, സാമ്പത്തിക കേന്ദ്രവും ആഗോള സാംസ്‌കാരിക, പൈതൃക കേന്ദ്രവും എന്നോണം ഹിസ്റ്റോറിക് ജിദ്ദ ഏരിയ വികസിപ്പിക്കാന്‍ കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ബലദിന്റെ മെയിന്‍ ഡെവലപ്പര്‍ എന്ന നിലയില്‍ ബലദ് ഡെവലപ്‌മെന്റ് കമ്പനി സ്ഥാപിച്ചത്. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി ജിദ്ദയെ ലോക വിനോദ സഞ്ചാര കേന്ദ്രമാക്കി പരിവര്‍ത്തിപ്പിക്കാനാണ് ശ്രമം.
ബലദിലെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ചരിത്രപ്രാധാന്യമുള്ള പുരാതന കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് മേല്‍നോട്ടം വഹിക്കല്‍, സേവന സൗകര്യങ്ങളും വിനോദ, പാര്‍പ്പിട, വാണിജ്യ, ഹോട്ടല്‍, ഓഫീസ് ഇടങ്ങളും വികസിപ്പിക്കല്‍ എന്നിവയില്‍ ഊന്നിയാണ് കമ്പനി പ്രവര്‍ത്തിക്കുക. ആകെ 25 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് ബലദ് ഡെവലപ്‌മെന്റ് കമ്പനി വികസന പദ്ധതി നടപ്പാക്കുക. 9,300 പാര്‍പ്പിട യൂനിറ്റുകളും 1,800 ഹോട്ടല്‍ യൂനിറ്റുകളും 13 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വാണിജ്യ, ഓഫീസ് ഏരിയകളും അടക്കം ആകെ നിര്‍മാണ വിസ്തീര്‍ണം 37 ലക്ഷം ചതുരശ്രമീറ്ററായിരിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ചരിത്രപരമായ പ്രദേശങ്ങള്‍ക്കായുള്ള മികച്ച നഗര ആസൂത്രണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ബലദിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കമ്പനി സ്വകാര്യ മേഖലയുമായും പ്രത്യേക ഏജന്‍സികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. വികസന പദ്ധതി നടപ്പാക്കുമ്പോള്‍ പാരിസ്ഥിതിക സുസ്ഥിരത കണക്കിലെടുക്കുകയും ഹിസ്റ്റോറിക് ജിദ്ദ ഏരിയയുടെ തനതായ പൈതൃക സ്വഭാവം സംരക്ഷിക്കുകയും ചെയ്യും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹിസ്റ്റോറിക് ജിദ്ദയെ ലോകത്തെങ്ങും നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കി മാറ്റാനാണ് വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.