പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ കോൺഗ്രസ് അംഗമായ ചെയർപേഴ്‌സണെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി യു ഡി എഫ്.
കേരളാ കോൺഗ്രസിലെ രണ്ട് അംഗങ്ങളെ ഭീഷണിപ്പെടുത്തി അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പ് വയ്പിച്ചതായും ആരോപണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം യു ഡി എഫിൽ ഉണ്ടാക്കിയതായി പറയുന്ന കരാർ പ്രകാരം രാജിവെക്കാനുള്ള ഡി സി സി നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചതോടെയാണ് പത്തനംതിട്ട നഗരസഭാ ചെയർപേഴ്‌സൺ രജനി പ്രദീപിനെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. എന്നാൽ ഇത്തരം ഒരു കരാർ ഉള്ളതായി തനിക്കറിയില്ലെന്നും രാജിവെക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയർപേഴ്‌സൺ രജനി പ്രദീപ് പറഞ്ഞു.
32 അംഗ നഗരസഭാ കൗൺസിലിൽ യു ഡി എഫ് 22, ഇടതു മുന്നണി 9 ഉം എസ്.ഡി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പതിനാറ് അംഗങ്ങളുള്ള കോൺഗ്രസിലെ ആറ് അംഗങ്ങൾ മാത്രമാണ് അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിടാൻ തയ്യാറായത്. ഇതോടെ ഘടകകക്ഷികളായ കേരളാ കോൺഗ്രസിന്റെ നാല് അംഗങ്ങളെയും മുസ്ലിം ലീഗിന്റെ രണ്ട് അംഗങ്ങളെയും ചേർത്ത് നോട്ടീസ് നൽകുവാനുള്ള പതിനൊന്ന് എന്ന സംഖ്യയിലെത്താനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഇതിനിടെ കേരളാ കോൺഗ്രസിലെ കൗൺസിലർമാരായ ബിജിമോൾ, ഷൈനീ ജോർജ് എന്നിവരെ ജില്ലാ പ്രസിഡൻറ് വിക്ടർ ടി തോമസും വൈസ് ചെയർമാൻ പി കെ ജേക്കബും ചേർന്ന് നിർബ്ബന്ധപൂർവ്വം നോട്ടീസിൽ ഒപ്പു വെപ്പിക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നു. ഇരുവരും പിൻമാറിയാൽ സ്വന്തം പാർട്ടിക്കാരിയായ ചെയർപേഴ്‌സണെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെടും.