Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ഉന്മൂലനം ചെയ്യാൻ -വെൽഫെയർ പാർട്ടി

തിരുവനന്തപുരം -ഭീകരബന്ധം ആരോപിച്ച് ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിൽ റെയ്ഡ് നടത്തിയ ഡൽഹി പൊലീസ് നടപടി രാജ്യത്തെ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ ഉന്മൂലനം ചെയ്യാനുള്ള സംഘ്പരിവാർ പദ്ധതിയുടെ ഭാഗമാണ്. മാധ്യമപ്രവർത്തകരെ വേട്ടയാടി തകർക്കാനാണ് ഇതിലൂടെ ബി.ജെ.പി ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 

ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്ഥയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ദൽഹിയിലെ ഔദേ്യാഗിക വസതിയിൽ വരെ റെയ്ഡ് നടത്തി.  ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്‌ജോയ് ഗുഹ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടത്തുകയും  അവരെ ചോദ്യം ചെയ്യുകയും ചെയ്തു. എല്ലാ പരിധിയും സർക്കാർ ലംഘിക്കുകയാണ്.

2024 ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ഈ നീചവൃത്തിയിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എതിർശബ്ദമുയർത്തുന്നവരെ ഭീകരവാദ ചാപ്പ കുത്തിയും കേസിൽ പെടുത്തിയും കൊന്നും ഉന്മൂലനം ചെയ്യുന്ന രീതി ഫാസിസത്തിന് പുതിയതല്ല. ഗൗരി ലങ്കേഷ് അടക്കമുള്ള നിരവധി മാധ്യമ പ്രവർത്തകർ വേട്ടയാടപ്പെട്ട രാജ്യമാണിത്. 

ഡൽഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ  വ്യാപക പരിശോധന നടത്തിയിട്ടുള്ളത്. ഫാസിസ്റ്റ് ഭരണകൂടം രാജ്യം ഭരിക്കുമ്പോൾ  സത്യസന്ധമായ മാധ്യമ പ്രവർത്തനം ഭാരിച്ച ഉത്തരവാദിത്വമാണ്. അതിന് തയ്യാറാകുന്ന മാധ്യമ പ്രവർത്തകരെ ഭയപ്പെടുത്തി കൂച്ചുവിലങ്ങിടാനാണ് ഭരണകൂടം ശ്രമിക്കുന്നത്. രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ജനാധിപത്യവാദികളുടെയും കൂട്ടായ പ്രതിഷേധം ഇതിനെതിരെ ഉയർന്നു വരണമെന്ന് റസാഖ് പാലേരി ആഹ്വാനം ചെയ്തു.

Latest News